കനത്ത നാശം വിതച്ച് അതിശക്തമഴ

കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്

കോഴിക്കോട്: ഇടവേളക്ക് ശേഷം ശക്തമായ മഴ വടക്കന്‍ കേരളത്തില്‍ കനത്ത നാശം വിതയ്ക്കുന്നു. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നാദാപുരത്ത് ആളൊഴിഞ്ഞ കെട്ടിടം രാവിലെ ഒമ്പത് മണിയോടെ നിലംപൊത്തി. ആള്‍പ്പെരുമാറ്റം കുറഞ്ഞ നേരമായതിനാല്‍ സ്ഥലത്ത് മറ്റുപ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. വടകര മീത്തലങ്ങാടിയില്‍ കുന്നിടിഞ്ഞതോടെ സമീപത്തെ വീടുകള്‍ ഭീഷണിയിലായി. മടപ്പള്ളി മാച്ചിനാരിയില്‍ ദേശീയപാതയുടെ മതില്‍ ഇടിഞ്ഞു.സോയില്‍ നെയിലിങ് നടത്തിയ ഭാഗമാണ് മഴയില്‍ കുതിര്‍ന്നു വീണത്. നിലവില്‍ ദേശീയ പാതയ്ക്ക് ഭീഷണിയില്ല. 24 മണിക്കൂറിനിടെ 66 മി.മീറ്റര്‍ ശരാശരി മഴയാണ് ജില്ലയില്‍ പെയ്തത്. ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

വയനാട്ടിലും വലിയ നാശമാണ് കനത്ത മഴയില്‍ സംഭവിച്ചത്. ശക്തമായ മഴയില്‍ പിണങ്ങോട് റോഡ് തകര്‍ന്നു. പുഴയ്ക്കലില്‍ എടത്തറക്കടവ് പുഴയോട് ചേര്‍ന്നുള്‌ല 25 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇതോടെ സമീപത്തുള്ള അറ് വീടുകള്‍ അപകട ഭീഷണിയിലായി. മഴയില്‍ വെണ്ണിയോട് രണ്ട് കിണറുകളും ഇടിഞ്ഞ് താഴ്ന്നു. ചൊവ്വാഴ്ച വരെ വയനാട്ടില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

രാവിലെ അഞ്ച് മണിയോടെയാണ് എടത്തറക്കടവ് പുഴയുടെ തീരവും റോഡും പുഴയിലേക്ക് ഇടിഞ്ഞ് വീണത്. നാല് കൂറ്റന്‍ മരങ്ങളും ഒടിഞ്ഞ് പുഴയിലേക്ക് വീണു. പതിമൂന്ന് വീടുകളിലേക്കുള്ള റോഡാണ് ഇതോടെ സഞ്ചരിക്കാനാകാത്ത വിധം തകര്‍ന്നത്. പുഴയുടെ തീരത്തുള്ള പല ഭാഗങ്ങളിലും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. തീരവും റോഡും ഇടിഞ്ഞതിന് തൊട്ടടുത്ത് ഉള്ള ആറ് വീടുകള് നിലവില്‍ അപകട ഭീഷണി നേരിടുകയാണ്.

അപകടാവസ്ഥയിലായ വീടുകളിലെ കുടുംബങ്ങളോട് മാറി താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യു അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. തീരം ഇടിഞ്ഞതോടെ പുഴയുടെ ഒഴുക്ക് മാറിയതിനാല്‍ കുടുതല്‍ ഇടിയാനുള്ള സാധ്യതയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. വയനാട് വെണ്ണിയോടും രണ്ട് കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. വലിയകുന്നില്‍ കൂട്ടിയാനിക്കല്‍ മേരിയുടെയും കരിഞ്ഞകുന്ന് കുന്നത്തുപീടികയില്‍ ജലീല്‍ ഫൈസിയുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞ് താഴ്ന്നത്. മഴയെ തുടര്‍ന്ന് മൂപ്പൈനാട് താഴെ അരപ്പറ്റയില്‍ ഒരു വീടും തകര്‍ന്ന് വീണിട്ടുണ്ട്.