ബന്ധുവീട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാര്‍ കണ്ടത് കുത്തിത്തുറന്ന് കിടക്കുന്ന വീട്, നഷ്ടമായത് 10 പവൻ

കൊല്ലം: കൊല്ലം അരിപ്പയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. അരിപ്പ കൈലാസത്തില്‍ ബിജുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിലെ അലമാരകള്‍ തകർത്ത് പത്തുപവന്‍ സ്വര്‍ണ്ണവും പണവും കവർന്നു. രാവിലെ പത്തുമണിയോടെ അരിപ്പ സ്വദേശിയായ ബിജുവും കുടുംബവും മടത്തറയിലെ ബന്ധുവീട്ടില്‍ പോയി. ഉച്ചയോടെ തിരികെയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവർച്ച നടന്ന വിവരം അറിയുന്നത്.

മുറികളില്‍ ഉണ്ടായിരുന്ന മൂന്നു അലമാരകള്‍ കുത്തിപൊളിച്ചു. പത്തുപവന്‍ സ്വര്‍ണ്ണവും പണവും നഷ്ടമായി. ചിതറ പൊലീസ് എത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നില്‍ ഒന്നിലധികം പേർ ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ പൊലീസ് അന്വേഷണം തുടരുകയാണ്.

സമാനമായ മറ്റൊരു സംഭവത്തില്‍ കൊല്ലം മടത്തറയില്‍ വർക് ഷോപ്പില്‍ അറ്റകുറ്റപണിക്കായി സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. തെമ്മല ഒറ്റക്കല്ല് മാഞ്ചിയം കുന്നില്‍ അഭിലാഷാണ് പിടിയിലായത്. കഴിഞ്ഞ പതിനാലാം തീയതിയാണ് മടത്തറയിലെ ജയേഷിന്റെ വർക് ഷോപ്പില്‍ നിന്നും ഇരുചക്ര വാഹനം ഓട്ടോ റിക്ഷയിലെത്തിയ സംഘം കടത്തികൊണ്ട് പോയത്. സമീപത്തെ സിസിടിവിയില്‍ നിന്നും പ്രതികളുടെ ദൃശ്യം പൊലീസിന് ലഭിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സുജിൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.