വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍: നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് 32 മൃതദേഹങ്ങള്‍, 25 ശരീര ഭാഗങ്ങള്‍
മലപ്പുറം: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയില്‍ നിലമ്ബൂർ, മുണ്ടേരി എന്നിവിടങ്ങളില്‍ നിന്നായി ചൊവ്വാഴ്ച വൈകിട്ട് 7.30 വരെയായി കണ്ടെടുത്തത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും.19 പുരുഷൻമാർ, 11 സ്ത്രീകള്‍, 2 ആണ്‍കുട്ടികള്‍, 25 ശരീരഭാഗങ്ങള്‍ എന്നിങ്ങനെയാണ് ലഭിച്ചത്. മൃതദേഹങ്ങള്‍ നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 6 മണി മുതല്‍ തന്നെ പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാ പ്രവർത്തകർ മൃതദേഹങ്ങള്‍ കണ്ടെടുക്കാൻ തുടങ്ങിയിരുന്നു.
ജില്ലാ ആശുപത്രിയില്‍ എത്തിച്ച മുതദേഹങ്ങളും ശരീരഭാഗങ്ങളും വേഗത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്. 26 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഫോറൻസിക് വിഭാഗം ഡോക്ടർമാരെ എത്തിച്ച് നിലമ്ബൂരില്‍ തന്നെയാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്. ജില്ലാ ആശുപത്രിയിലെ രണ്ട് നില പേവാർഡുകള്‍ പൂർണമായി മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. ഇതിനായി അൻപതിലധികം ഫ്രീസറുകള്‍ ഇതിനകം ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നായി എത്തിച്ചിട്ടുണ്ട്. രാത്രിയിലും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികള്‍ തുടരും.
ജില്ലയുടെ ചുമതല വഹിക്കുന്ന കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ജില്ലാ ആശുപത്രിയിലെത്തി മൃതദേഹങ്ങള്‍ സന്ദർശിക്കുകയും പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നിലമ്ബൂർ എംഎല്‍എ പി വി അൻവർ , ജില്ലാ കളക്ടർ വി.ആർ വിനോദ് , ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ , നിലമ്ബൂർ നഗരസഭ ചെയർമാൻ മാട്ടുമ്മല്‍ സലീം, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ആർ രേണുക തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചു.