ഓണം ലക്ഷ്യമിട്ട് വ്യാജ ചാരായ നിര്‍മാണം തകൃതി; കട്ടിപ്പാറയില്‍ പിടികൂടിയത് 550 ലിറ്റര്‍ വാഷും 50 ലിറ്റര്‍ ചാരായവും

കോഴിക്കോട്: ഓണക്കച്ചവടം ലക്ഷ്യമിട്ട് ഉള്‍പ്രദേശങ്ങളിലും കൂടുതല്‍ ആള്‍താമസമില്ലാത്ത സ്ഥലങ്ങളിലും വ്യാജവാറ്റ് നിര്‍മാണം വ്യാപകമാകുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍.അടുത്ത ദിവസങ്ങളിലായി കോഴിക്കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ എക്‌സൈസ് സംഘം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സംഘം കട്ടിപ്പാറ പഞ്ചായത്തിലെ കേളന്‍മൂല മലയില്‍ നടത്തിയ പരിശോധനയില്‍ 550 ലിറ്റര്‍ വാഷും 50 ലിറ്റര്‍ ചാരായവും വാറ്റുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരം നേരത്തേ മനസ്സിലാക്കിയ വാറ്റ് സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന വാഷ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ഷംസുദ്ധീന്‍, പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്ള, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ഐ ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.