3000 കോടി രൂപ ലാഭിച്ച ലോകം ശ്രദ്ധിച്ച വലിയ നേട്ടം; പിന്നാലെ ഗ്‌നു ലിനക്‌സ് 22.04 തയാറാക്കി കുതിക്കാൻ കൈറ്റ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷത്തിലധികം വരുന്ന കമ്ബ്യൂട്ടറുകളിലും ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കി.ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് എറണാകുളം കൈറ്റ് കേന്ദ്രത്തില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന ക്യാമ്ബിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രകാശനം നിർവഹിക്കും.

സ്‌കൂളുകളിലെ ഐസിടി. പഠനത്തിനു മാത്രമല്ല, വിദ്യാർഥികള്‍ക്കും അധ്യാപകർക്കും, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്ബ്യൂട്ടറുകളിലും, സർക്കാർ ഓഫീസുകള്‍, ഡിടിപി സെന്ററുകള്‍, പത്രസ്ഥാപനങ്ങള്‍, സോഫ്റ്റ്‌വെയർ നിർമാതാക്കള്‍, എൻജിനീയറിങ് കോളേജിലെ വിദ്യാർഥികള്‍ തുടങ്ങിയവർക്കും സമ്ബൂർണ കമ്ബ്യൂട്ടിങ് പ്ലാറ്റ്‌ഫോമായി ഈ ഒ എസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാനാകും. സ്‌കൂള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന എക്‌സ് ഓർഗ് ജാലക സംവിധാനത്തില്‍ നിന്ന് വിഭിന്നമായി വേലാന്റ് സംവിധാനം സജ്ജീകരിച്ചാണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിങ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്ത ഈ വിദ്യാഭ്യാസ ഒഎസ് സ്യൂട്ടില്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കുന്ന ജി-കോമ്ബ്രിസ്, ടക്‌സ്‌പെയിന്റ്, പിക്‌റ്റോബ്ലോക്‌സ്, ട്രാഫിക് ഗെയിം, വേസ്റ്റ് ചാലഞ്ച്, ഒമ്‌നി ടക്‌സ്, എജുആക്ടിവേറ്റ്, ഫെറ്റ്, ജിയോജിബ്ര, ലിബർഓഫീസ് പാക്കേജ്, കളർപെയിന്റ്, സ്‌ക്രാച്ച്‌, ക്രിറ്റ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. നിർമിതബുദ്ധി ഈ വർഷം മുതല്‍ ഏഴാം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിന്റെ ഭാഗമായ പശ്ചാത്തലത്തില്‍ നിർമിതബുദ്ധി, മെഷീൻ ലേണിങ്, കമ്ബ്യൂട്ടർ വിഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണകള്‍ നേടാനുള്ള ടൂളുകളും ഇതിലുണ്ട്.

മലയാളം കമ്ബ്യൂട്ടിങ് സാധ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങള്‍ക്കു പുറമെ ഇ-ബുക്ക് റീഡർ, ഡെസ്‌ക്ടോപ് പബ്ലിഷിങ് സോഫ്റ്റ്‌വെയർ, ലാടെക് എഡിറ്റർ, ഗ്രാഫിക്‌സ് -ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകള്‍, സൗണ്ട് റിക്കോർഡിങ്-വീഡിയോ എഡിറ്റിങ്-ത്രിഡി അനിമേഷൻ പാക്കേജുകള്‍, സ്‌ക്രീൻ റിക്കോർഡിങ്-ബ്രോഡ് കാസ്റ്റർ ടൂളുകള്‍, പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കള്‍, ഡാറ്റാബേസ് സർവറുകള്‍, ഡാറ്റാബേസ് അപ്ലിക്കേഷനുകള്‍, മൊബൈല്‍ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേർഷനുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഹയർസെക്കൻഡറി സ്‌കൂളുകള്‍ക്കുള്ള കോഴ്‌സുകള്‍ക്കും വൊക്കേഷണല്‍ ഹയർസെക്കൻഡറിയിലെ എൻ.എസ്.ക്യൂ.എഫ് ജോബ് റോളുകള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ക്കും ഉപയോഗിച്ചിരുന്ന ലൈസൻസ് അധിഷ്ഠിത സോഫ്റ്റ്‌വെയറുകള്‍ക്ക് പകരം പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പ്രയോജനപ്പെടുത്തിയുള്ള ലാപ്‌ടോപുകള്‍ സ്‌കൂളുകളില്‍ കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഇതുമൂലം രണ്ട് ലക്ഷം കമ്ബ്യൂട്ടറുകളില്‍ നിന്നായി 3000 കോടി രൂപ ലാഭിക്കാനായത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌കൂളുകളിലെ കമ്ബ്യൂട്ടറുകള്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാള്‍ ചെയ്യുന്നതിനുള്ള പരിശീലനം എല്ലാ സ്‌കൂള്‍ ഐ.ടി. കോർഡിനേറ്റർമാർക്കും നല്‍കുന്നമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. കൈറ്റ് വെബ്‌സൈറ്റിലെ (kite.kerala.gov.in) ഡൗണ്‍ലോഡ്സ് ലിങ്കില്‍ നിന്നും ഓഗസ്റ്റ് 23 മുതല്‍ ഒഎസ് സ്യൂട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.