മലപ്പുറത്തെ സംഭവം ആദ്യമല്ല, പൊലീസ് സംഘടന വേദികളിലെ വിമര്‍ശനം സ്വഭാവികം;അൻവറിനെ പിന്തുണച്ച്‌ കേരള പൊലീസ് അസോസിയേഷൻ

തിരുവനന്തപുരം: മലപ്പുറം എസ് പിയെ പൊതുവേദിയില്‍ ആക്ഷേപിച്ച പിവി അൻവർ എംഎംഎയുടെ നിലപാടിനെ ന്യായീകരിച്ച്‌ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.പൊലീസ് സംഘടന വേദികളിലെ വിമർശനം സ്വഭാവികമെന്ന് അസോസിയേഷൻ ജനറല്‍ സെക്രട്ടറി സിആർ ബിജു കോഴിക്കോട് പറഞ്ഞു. മലപ്പുറത്തെ സംഭവം ആദ്യത്തേത് അല്ല. വിമർശനത്തില്‍ അസഹിഷ്ണുതയില്ല. അൻവറിന്റെ വിമർശനം പരിശോധിക്കും. ഉള്‍ക്കൊള്ളേണ്ട കാര്യമാണെങ്കില്‍ ഉള്‍കൊള്ളുമെന്നും ഇല്ലെങ്കില്‍ അവഗണിക്കുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഇന്നലെ മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷൻ അൻവറിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അൻവർ മാപ്പ് പറയണമെന്നാണ് പ്രമേയത്തിലുള്ളത്. കൂടാതെ, എസ്പി ശശിധരനെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഫേസ്ബുക്കില്‍ മാപ്പ് ചിത്രങ്ങളുമായി അൻവർ എംഎല്‍എ രംഗത്തെത്തിയത്.