20 രൂപക്ക് മൂന്നക്ക നമ്ബര്‍ എഴുതാം, ശരിയായാല്‍ സമ്മാനം 5000, നോക്കുക സര്‍ക്കാര്‍ ലോട്ടറി ഫലം, ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ: സംസ്ഥാന ലോട്ടറി ടിക്കറ്റിന് സമാന്തരമായി മൂന്നക്ക എഴുത്ത് ലോട്ടറി നടത്തിയയാള്‍ അറസ്റ്റില്‍. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് തപാല്‍പറമ്ബ് ഫാസിയ മൻസിലില്‍ നവാസിനെ (49) ആണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.പുലയൻവഴി ജംഗ്ഷനുസമീപം ലോട്ടറി കടയുടെ മറവില്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇടപാട് നടത്തിയിരുന്നത്.

തട്ടിപ്പിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും 23,190 രൂപയും വിവിധ നമ്ബറുകള്‍ എഴുതിയ കുറിപ്പുകളും പിടിച്ചെടുത്തു. രണ്ടുമാസത്തിലധികമായി ഇയാള്‍ ലോട്ടറിക്കട കേന്ദ്രീകരിച്ച്‌ എഴുത്ത് ലോട്ടറി നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കേരള ലോട്ടറിയുടെ സമ്മാനാർഹമായ നമ്ബറിന്റെ അവസാന മൂന്നക്കങ്ങള്‍ മുൻകുട്ടി എഴുതി നല്‍കുന്നതാണ് രീതി. 20 രൂപ കൊടുത്താല്‍ മൂന്നക്ക നമ്ബർ ആർക്കും എഴുതി നല്‍കാം.

എഴുതി നല്‍കുന്ന നമ്ബർ ശരിയാണെങ്കില്‍ 5,000 രൂപ വരെ സമ്മാനം ലഭിക്കും. നേരിട്ടെത്തി എഴുതി നല്‍കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഗൂഗിള്‍പേ വഴി പണം അയച്ചശേഷം ഇഷ്ടമുള്ള നമ്ബറുകള്‍ വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം. സമ്മാനം ലഭിച്ചാല്‍ തുക ഗൂഗിള്‍ പേ വഴി അയച്ചുനല്‍കും. സൗത്ത് സി ഐ ശ്രീജിത്ത്, എസ് ഐമാരായ ആനന്ദ്, ജോമോൻ ജോസഫ്, സി പി ഒമാരായ വിപിൻദാസ്, ശ്യാം എന്നിവർ അറസ്റ്റിന് നേതൃത്വം നല്‍കി.