അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അല്‍ ഖത്താല്‍ അല്‍ മുഹൈരി അന്തരിച്ചു

ദുബായ്: അറബ് വ്യാപാര പ്രമുഖൻ സയീദ് അബ്ദുള്ള അല്‍ ഖത്താല്‍ അല്‍ മുഹൈരി ( 62) അന്തരിച്ചു. കറകളഞ്ഞ മനുഷ്യസ്നേഹം കൊണ്ടും ഉജ്ജ്വലമായ വ്യാപാരങ്ങള്‍ കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാതൃകയായ വ്യക്തിത്വമാണ് വിടവാങ്ങിയത്.അല്‍ അവീർ മാർക്കറ്റ് കേന്ദ്രമായുള്ള വിവിധ വ്യാപാര ശൃംഖലകളുടെ മുഖ്യ കാര്യദർശിയായിരുന്നു. രാജ്യത്തെ സ്വദേശി കർഷകരുടെ ഉല്‍പ്പന്നങ്ങള്‍ മുഖ്യധാരാ വിപണിയിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം, രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി മാനുഷിക പ്രവർത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. അസുഖബാധിതനായ സയീദ് അബ്ദുള്ള അല്‍ ഖത്താല്‍, കഴിഞ്ഞ ദിവസമാണ് വിടചൊല്ലിയത്.

സ്വദേശികരായ കർഷകരെ ശാക്തീകരിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ സംഭാവന ഏറെ വലുതായിരുന്നു യുഎഇ കർഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള വലിയ വിപണി സൃഷ്ടിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ മികവ് പ്രശംസനീയമാണ്. തദ്ദേശീയരായ കർഷകരുടെ കൃഷി ഉല്‍പ്പന്നങ്ങളും മാർക്കറ്റില്‍ ഇന്നും എത്തിക്കുന്നത് ഇദ്ദേഹം മുഖ്യാനയുള്ള ശൃംഖലയാണ്.ലോകത്തെ ഏറ്റവും മികച്ച വെജിറ്റബിള്‍, ഫ്രൂട്ട്സ് മാർക്കറ്റുകളില്‍ ഒന്നായ ദുബായ് അല്‍ അവീർ പഴം, പച്ചക്കറി മാർക്കറ്റിന്റെ സിംഹഭാഗവും കൈകാര്യം ചെയ്തു വന്നിരുന്നത് ഈ സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു.

പ്രാദേശിക കാർഷിക ഉല്‍പന്നങ്ങളുടെ വിതരണ ശൃംഖല കാര്യക്ഷമമാക്കിയ ഇദ്ദേഹം തദ്ദേശീയരായ കർഷകർ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും യുഎഇയിലുടനീളം കാര്യക്ഷമമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കിയിരുന്നു. ഇത് പ്രാദേശിക കാർഷിക വ്യവസായത്തെ ഗണ്യമായി ഉത്തേജിപ്പിക്കുകയും സ്വദേശി കർഷകരെ ശാക്തീകരിക്കുകയും ചെയ്തു. ബിസിനസ് വിവേകവും സമൂഹത്തിൻ്റെ ക്ഷേമത്തിനായുള്ള അർപ്പണബോധവും അദ്ദേഹത്തെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമാക്കി മാറ്റി. രാജ്യത്തെ ഭരണാധികാരികള്‍ക്ക് വലിയ സ്വീകാര്യനായ വ്യക്തിയായിരുന്നു അന്തരിച്ച സയീദ് അബ്ദുള്ള അല്‍ ഖത്താല്‍

പഴം, പച്ചക്കറി വ്യാപാര രംഗത്തെ പ്രമുഖ മലയാളി സാന്നിധ്യമായ എഎകെ ഇന്റർനാഷണല്‍ ഗ്രൂപ്പിന്റെ കൈപിടിച്ചു ഉയർത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികളായിരുന്നു ഇദ്ദേഹവും അദ്ദേഹത്തിന്റെ പിതാവ് അബ്ദുള്ള അഹ്‌മദ്‌ അല്‍ ഖത്താലും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും വ്യവസായി മായിരുന്ന പാറപ്പുറത്ത് ബാവ ഹാജിയ്ക്ക് ഫ്രൂട്ട് ആൻഡ് വെജിറ്റബിള്‍സ് വാണിജ്യരംഗത്ത് മുന്നേറാൻ ഇവരുടെ ഹൃദയ വിശാലതയും സഹായമനസ്കതയും വലിയ കാരണമായി. തങ്ങളുടെ വ്യാപാര വളർച്ചയില്‍ ഞങ്ങള്‍ക്കൊപ്പം ചേർന്ന്നിന്ന പ്രിയപ്പെട്ട സഹോദരനും സ്പോണ്‍സറുമായിരുന്നു സയീദ് അബ്ദുള്ള അല്‍ ഖത്താല്‍ എന്ന് സി ഇ ഒ മുഹമ്മദലിയും, എം ഡി എ എ കെ മുസ്തഫ അഭിപ്രായപ്പെട്ടു.

ജീവകാരുണ്യ പ്രവർത്തനങ്ങള്‍

തന്റെ ബിസിനസ് നേട്ടങ്ങള്‍ക്കപ്പുറം, സയീദ് അബ്ദുല്ല അല്‍ ഖത്തല്‍ ജീവകാരുണ്യ പ്രവർത്തന മേഖലയില്‍ ശ്രദ്ധയാലു ആയിരുന്നു. അദ്ദേഹത്തിന്റെ മനുഷ്യപ്പറ്റിന്റെ കരങ്ങള്‍ യുഎഇക്ക് അപ്പുറത്തേക്കും വ്യാപിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിരവധി പള്ളികളുടെയും സഹായ സെന്ററുകളുടെയും നിർമ്മാണത്തിന് സയീദ് അബ്ദുള്ള നേതൃത്വം നല്‍കിയിരുന്നു. ദരിദ്രരെ സഹായിക്കാനുള്ള അനുകമ്ബ ജീവിതത്തില്‍ ഉടനീളം പ്രകടമാക്കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.