തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപ കവർന്നു. ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപയാണ് മോഷ്ടാക്കള്‍ കവർന്നത്.ശനിയാഴ്ച പുലർച്ചയോടെയാണ് മോഷണം നടന്നത്. ബാലരാമപുരം ശാലിഗോത്രത്തെരുവിലുള്ള കണ്ണൻ ഹാൻഡ്ലൂമില്‍നിന്ന് ഒന്നരലക്ഷം രൂപയും എരുത്താവൂരിലെ മണപ്പാട്ടില്‍ സൂപ്പർ മാർക്കറ്റില്‍നിന്ന് അറുപതിനായിരം രൂപയുമാണ് മോഷണം പോയത്.
വെട്ടുകത്തിയുള്‍പ്പെടെയുള്ള ആയുധങ്ങളുമായി മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൻ ഹാൻഡ്ലൂമിന്‍റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്ന് മേശ വലിപ്പില്‍നിന്ന് പണം മോഷ്ടിച്ചത്. എരുത്താവൂരിലുള്ള മണപ്പാട്ടില്‍ മാർജിൻ സൂപ്പർമാർക്കറ്റിലെ ഗ്രില്ല് പൊളിച്ചാണ് അകത്ത് കടന്നത്. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ദ്രുതഗതിയിലാണ്.
രണ്ട് വ്യാപാര സ്ഥാപനങ്ങളിലും വിരലടയാള വിദഗ്ധരും ഡോഗ് സ്വക്വാഡും പരിശോധന നടത്തി. ഇരുകടകളിലും ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഒരു കിലോമീറ്ററോളം ഓടിയ പൊലീസ് നായ് ഇടറോഡുകളിലെത്തി നിന്നു. ഇവിടങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മുപ്പതിലേറെപേരെ ഇതിനോടകം പൊലീസ് ചോദ്യം ചെയ്തു. വ്യാപാരസ്ഥാപനങ്ങളിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.