റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് മലയാളി ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കൊല്ലം, തൃക്കരിവ, നടുവിലഞ്ചേരി, കാഞ്ഞാവെളി സ്വദേശി മംഗലത്ത് വീട്ടില്‍ അനൂപ് മോഹൻ (37), ഭാര്യ രമ്യമോള്‍ വസന്തകുമാരി (30) എന്നിവരെയാണ് അല്‍ ഖോബാറിന് സമീപം തുഖ്ബയിലുള്ള ഫ്ലാറ്റില്‍ ബുധനാഴ്ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകള്‍ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപിന്‍റെ നിലവിളികേട്ട് അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.
കുടുംബവഴക്കാണ് മരണകാരണമെന്നാണ് അറിയുന്നത്. പൊലീസെത്തി വാതില്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രമ്യ കട്ടിലില്‍ മരിച്ച നിലയിലും അനൂപ് മോഹൻ അടുക്കളയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. തുഖ്ബ സനാഇയയില്‍ ഡെൻറിങ്, പെയിൻറിങ് വർക് ഷോപ് നടത്തുകയായിരുന്ന അനൂപ് വർഷങ്ങളായി ഇവിടെ കുടുംബവുമായി താമസിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോള്‍ അമ്മ രണ്ട് മൂന്ന് ദിവസമായി കട്ടിലില്‍ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കട്ടിലില്‍ കിടന്ന തന്‍റെ മുഖത്ത് തലയണ അമർത്തി അച്ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോള്‍ വിട്ടിട്ട് പോവുകയായിരുന്നെന്നും കുട്ടി പറയുന്നു.
കുട്ടിയുടെ മൊഴിയനുസരിച്ച് രമ്യ നേരത്തെ മരിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ലോകകേരള സഭാ അംഗവും സാമൂഹികപ്രവർത്തകനുമായ നാസ് വക്കത്തെ വിളിച്ചുവരുത്തിയ പൊലീസ് അരാധ്യയെ അദ്ദേഹത്തെ ഏല്‍പിച്ചു. അല്‍ ഖോബാറിലുള്ള ഒരു മലയാളി കുടുംബത്തിെൻറ സംരക്ഷണയിലാണ് ഇപ്പോള്‍ കുട്ടിയുള്ളതെന്ന് നാസ് പറഞ്ഞു. അനന്തര നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി.