തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയെന്ന റെക്കോഡ് തൃശൂര്‍ ടൈറ്റന്‍സ് താരം അക്ഷയ് മനോഹര്‍ക്ക് സ്വന്തം.ആലപ്പി റിപ്പിള്‍സിനെതിരെ ടീം തകര്‍ച്ച നേരിടുമ്ബോഴായിരുന്നു അക്ഷയുടെ ഉജ്ജ്വല ഇന്നിംഗ്സ്. 44 പന്തില്‍ നിന്ന് അഞ്ച് സിക്‌സറുകളടക്കം 57 റണ്‍സാണ് അക്ഷയ് നേടിയത്.
ആലപ്പി റിപ്പിള്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. നിലയുറപ്പിക്കും മുന്‍പെ തന്നെ ക്യാപ്റ്റന്‍ വരുണ്‍ നായനാരും പുറത്തായതോടെ തുടക്കത്തില്‍ തന്നെ തകര്‍ച്ചയുടെ വക്കിലായിരുന്നു ടൈറ്റന്‍സ്. വിഷ്ണു വിനോദും അഹ്മദ് ഇമ്രാനും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് പ്രതീക്ഷ നല്‍കിയെങ്കിലും കേരള താരമായ വിഷ്ണു വിനോദും പുറത്തായ ഘട്ടത്തിലാണ് അക്ഷയ് ക്രീസിലെത്തിയത്.
കരുതലോടെ ബാറ്റ് വീശുന്നതിനൊപ്പം അക്ഷയ്, ടീമിന്‍റെ റണ്‍റേറ്റ് മികച്ച രീതിയില്‍ നിലനിര്‍ത്തുകയും ചെയ്തു. സുരക്ഷിതമായ ഷോട്ടുകളിലൂടെയും വിക്കറ്റുകള്‍ക്കിടയിലുള്ള മികച്ച ഓട്ടത്തിലൂടെയും അക്ഷയ് ഇന്നിംഗ്സ് മുന്നോട്ട് നീക്കി. അര്‍ജുന്‍ വേണുഗോപാലിനൊപ്പം 55 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് അക്ഷയ് പടുത്തുയര്‍ത്തിയത്. അഞ്ച് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു അക്ഷയുടെ ഇന്നിംഗ്സ്. 18ആം ഓവറില്‍ ആനന്ദ് ജോസഫിന്‍റെ പന്തിലാണ് ഒടുവില്‍ അക്ഷയ് പുറത്തായത്.താരലേലത്തില്‍ ബി വിഭാഗത്തില്‍ നിന്ന് ഏറ്റവും കൂടിയ തുകയ്ക്ക് ടൈറ്റന്‍സ് സ്വന്തമാക്കിയ താരമായിരുന്നു അക്ഷയ്. 3.6 ലക്ഷത്തിനായിരുന്നു തൃശൂര്‍ ടൈറ്റന്‍സ് അക്ഷയിനെ സ്വന്തമാക്കിയത്.