ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫൻസ് ഡയറക്‌ട്രേറ്റ് ആവശ്യപ്പെട്ടു.ചിലയിടങ്ങളില്‍ ഇടിമിന്നല്‍ തുടരുന്നതിനാല്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണം, ഒഴുക്കിനും വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുള്ള താഴ്‌വരകളില്‍നിന്നും സ്ഥലങ്ങളില്‍നിന്നും മാറി നില്‍ക്കണം, അവയില്‍ നീന്തരുത്, മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രഖ്യാപിക്കുന്ന നിർദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫൻസ് ആവശ്യപ്പെട്ടു.

മക്ക മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകും. അത് ആലിപ്പഴം, പൊടിയും മണലും ഉയർത്തുന്ന കാറ്റും വിശാൻ ഇടയാക്കുമെന്നും സിവില്‍ ഡിഫൻസ് വിശദീകരിച്ചു. മദീന, അല്‍ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ മേഖലകളിലും സാമാന്യം ശക്തമായ മഴയുണ്ടാകും. ഹാഇല്‍, അല്‍ജൗഫ്, വടക്കൻ അതിർത്തി, അല്‍ ഖസിം, അല്‍ അഹ്സ എന്നീ പ്രദേശങ്ങളില്‍ മഴ നേരിയതോ ഇടത്തരമോ ആയിരിക്കുമെന്നും സിവില്‍ ഡിഫൻസ് ഡയറക്‌ട്രേറ്റ് സൂചിപ്പിച്ചു.