കൊച്ചി: എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഒരു സൈക്കിള്‍ മോഷ്ടിച്ചു. പക്ഷേ എല്ലാം മുകളിലിരുന്ന് കണ്ട സിസിടിവി ചതിച്ചു.കളളന് പിടിയും വീണു. എറണാകുളം പെരുമ്ബാവൂരിലായിരുന്നു സംഭവം.
തോളില്‍ ബാഗുമിട്ട് ആരെയോ കാത്തു നില്‍ക്കുന്നതു പോലെയൊരു നില്‍പ്പായിരുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്നായപ്പോള്‍ മെല്ലെ മെല്ലെ കടത്തിണ്ണയില്‍ വച്ചിരുന്ന സൈക്കിളിനടുത്തേക്ക്. പിന്നെ സ്വന്തം സൈക്കിളെന്ന പോലെ റോഡരികില്‍ വച്ച സൈക്കിളുമെടുത്ത് ആളൊരു പോക്കായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് നടന്ന ഈ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ക്കു പിന്നാലെ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആള്‍ വീണ്ടും ഒക്കലില്‍ സൈക്കിള്‍ കക്കാനിറങ്ങിയത്. പക്ഷേ പണി പാളി. നാട്ടുകാർ ഇടപെട്ടു. സ്കൂള്‍ വിദ്യാര്‍ഥിയുടെ സൈക്കിള്‍ മോഷ്ടിക്കാൻ ഇറങ്ങിയ കളളന്‍ പൊലീസിന്‍റെ പിടിയിലുമായി. ആസാം സ്വദേശിയായ മുഹിമുദില്‍ ആണ് സൈക്കിള്‍ മോഷ്ടിച്ച കള്ളൻ.
സിസിടിവി ക്യാമറകള്‍ നശിപ്പിച്ച് അജ്ഞാതൻ
അതിനിടെ കോട്ടയം വടവാതൂരില്‍ വീടുകളിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ചിരിക്കുകയാണ് ഒരു അജ്ഞാതൻ. മാധവൻപടി ജംഗ്ഷന് സമീപമുള്ള അഞ്ചു വീടുകളിലെ സിസിടിവി ക്യാമറകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ മണര്‍ക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 1.30 ഓടെയാണ് മാസ്ക്കണിഞ്ഞ ഒരാള്‍ വടവാതൂരിലെ അഞ്ച് വീടുകളിലുള്ള സിസിടിവി ക്യാമറകള്‍ നശിപ്പിച്ചത്. മാധവൻപടി സ്വദേശികളായ സരിൻ, ലില്ലിക്കുട്ടി, പി ടി മാത്യു, മോൻസി, വർഗീസ് എന്നിവരുടെ വീടുകളിലുണ്ടായിരുന്ന സിസിടിവി ക്യാമറകളാണ് തകർത്തത്. രാവിലെ സിസിടിവി ക്യാമറകള്‍ നിലത്ത് പൊട്ടികിടക്കുന്ന അവസ്ഥയില്‍ വീട്ടുകാര്‍ കണ്ടതോടെ വിവരം പൊലീസില്‍ അറിയിച്ചു. പിന്നാലെ അജ്ഞാതൻ ക്യാമറകള്‍ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശങ്ങള്‍ പൊലീസ് ശേഖരിച്ചു.
ദൃശ്യങ്ങളില്‍ 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനാണ് ക്യാമറകള്‍ നശിപ്പിച്ചതെന്ന് വ്യക്തമായി. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് മണര്‍ക്കാട് പൊലീസ് നടത്തുന്നത്.