തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേല്‍പ്പാലത്തില്‍ ചോരകുഞ്ഞിന്‍റെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ജഡമാണെന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പോലീസിനെ അറിയിച്ചു. കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്താനുള്ള ഊര്‍ജിത അന്വേഷണത്തിലാണ് പൊലീസ്.
ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് ഒന്നാം പ്ലാറ്റ്ഫോമിനെയും രണ്ടാം പ്ലാറ്റ്ഫോമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍ പാലത്തിന്‍റെ ലിഫ്റ്റിന് ഒരു വശത്തായി ശുചീകരണ തൊഴിലാളി ബാഗ് കണ്ടെത്തുന്നത്. സംശയം തോന്നിയ തൊഴിലാളി ഇത് ആർ പി എഫ് ഉദ്യോഗസ്ഥയെ അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം ബാഗ് തുറന്നു നോക്കിയപ്പോഴാണ് സ്നഗിയില്‍ പൊതിഞ്ഞ രീതിയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. റെയില്‍വേ പൊലീസിനെ ഉടൻ വിവരം അറിയിച്ചു. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയില്‍ പ്രസവം ആശുപത്രിയില്‍ നടന്നതാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ബാൻഡേജും കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ചിരുന്ന തുണിയും ആശുപത്രിയിലേതാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
മാസം തികയാതെ പ്രസവിച്ച കുഞ്ഞാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. പുലർച്ചയുള്ള വണ്ടികളില്‍ വന്നവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആ ദൃശ്യങ്ങള്‍ മുൻനിർത്തിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. തൃശ്ശൂരിലും സമീപപ്രദേശത്തും മാസം തികയാതെ പ്രസവിച്ച ആളുകളുടെ വിവരങ്ങളും പൊലീസ് തേടുന്നുണ്ട്.