റോഡിലെ കോണ്‍ക്രീറ്റ് പാളിയില്‍ തട്ടി നിയന്ത്രണം വിട്ട് ലോറിയിലിടിച്ചു; പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് രാമനാട്ടുകാര ബംഗ്ലാവ് കോളനി സ്വദേശി അഖില്‍ (20) ആണ് മരിച്ചത്.മാവൂർ പെരുമണ്ണ പൂത്തൂർ മഠത്തിന് സമീപത്ത് വച്ച്‌ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അഖില്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്ക് പിറകില്‍ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

പെരുമണ്ണ ഭാഗത്ത് നിന്നും പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന അഖില്‍ ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്ന സ്ഥലത്തെ റോഡിനോട് ചേർന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡില്‍ കുഴിയെടുത്തിരുന്നു. ഈ കുഴിയടച്ച ഭാഗത്ത് ഉയർന്ന് കിടന്ന കോണ്‍ക്രീറ്റ് പാളിയില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പിന്നാലെ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരനായ അഖില്‍ ലോറിയുടെ ഉള്ളിലേക്ക് തെറിച്ചുവീണു. അപകട സമയത്ത് ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരും പരിസരവാസികളും ചേർന്നാണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.