ബൈക്ക് മോഷണം പോയിട്ട് 3 ആഴ്ച; അന്വേഷണത്തിനൊടുവില്‍ ബൈക്ക് കിട്ടി; മോഷ്ടാക്കളെയും 2 കിലോ കഞ്ചാവും

പാലക്കാട്: മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റില്‍. പത്തനംതിട്ട കോന്നി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഷോപ്പുടമകളെ കബളിപ്പിച്ച്‌ മൊബൈല്‍ കവരുക, നിർത്തിയിട്ട ബൈക്കുകള്‍ മോഷ്ടിക്കുക, കഞ്ചാവും രാസലഹരിയുടെയും കാരിയർ. കൂടാതെ പത്തനംതിട്ടയിലും കൊച്ചിയിലും മോഷണമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയും കൂടിയാണ് അഭിജിത്ത്.

പട്ടാമ്ബി കൊപ്പത്ത് ജെസിബി ഓപ്പറേറ്റർ ജോലിക്കിടെയാണ് മണ്ണാർക്കാട് സ്വദേശി നൌഷിദയെ അഭിജിത്ത് പരിചപ്പെടുന്നത്. അഭിജിത്തിനൊപ്പം വീടുവിട്ടിറങ്ങിയിട്ട് മാസങ്ങളായി. നൌഷിദയെയും കൊണ്ട് കറങ്ങി നടക്കാനും കഞ്ചാവ് വില്‍പനയ്ക്കും വേണ്ടിയാണ് അഭിജിത്ത് ഓഗസ്റ്റ് 28 ന് ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ചത്. തത്തമംഗലം സ്വദേശി വിജുവിന്റെ ബൈക്ക് മോഷണം പോയിട്ട് മൂന്നാഴ്ച പിന്നിട്ടു. സിസിടിവി കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊച്ചിൻ പാലത്തിന് സമീപത്തുനിന്നും പ്രതികളെ ബൈക്കുള്‍പ്പെടെ പിടികൂടിയത്. വിശദ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.