കേസുകള്‍ 18, ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും കേസ്; യുവാവിനെതിരെ കാപ്പ ചുമത്തി, ജയിലിലടച്ചു

കോഴിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് പരപ്പിലിനടുത്ത് തലനാർ തൊടിക സ്വദേശി ഷഫീഖിനെതിരെയാണ് നടപടി.ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കളവ്, കവർച്ച, പിടിച്ചുപറി, വധശ്രമം മുതലായ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്കെതിരെ 18 ഓളം കേസുകള്‍ നിലവിലുണ്ടായിരുന്നു. 2023 ല്‍ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ച്‌ ഷഫീഖിനെ ജയിലിലടച്ചിരുന്നു. എന്നാല്‍ ആറുമാസത്തെ തടവിന് ശേഷം പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തിയത്. സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ടൗണ്‍ സിഐ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കളക്ടർ നടപടിയെടുത്തത്. ഇന്നലെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത ഷഫീഖിനെ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി.