ഭാര്യയുടെ പങ്കാളിയെ വെട്ടി സുബിൻ രഞ്ജിനിയുമായി കടന്നത് തിരുപ്പൂരിലേക്ക്, യാത്ര ട്രെയിനില്‍; പിന്തുടര്‍ന്ന് പൊക്കി

ആലപ്പുഴ: ആലപ്പുഴയില്‍ അർദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി മുൻ ഭാര്യയുടെ ഇപ്പോഴത്തെ പങ്കാളിയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാളെ തിരുപ്പൂരില്‍ നിന്നും പിടികൂടി.ആലപ്പുഴ ആര്യാട് എഎൻ കോളനിയില്‍ സുബിൻ (35) ആണ് അറസ്റ്റിലായത്. ഇയാള്‍ തട്ടിക്കൊണ്ടുപോയ വേഴപ്ര ഇരുപതില്‍ചിറ രഞ്ജിനിയെയും (30) പൊലീസ് തിരിപ്പൂരില്‍നിന്നു കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം അയച്ചു. 17ന് രാത്രിയാണ് രാമങ്കരി പഞ്ചായത്ത് വേഴപ്ര പുതുപ്പറമ്ബില്‍ ബൈജുവിനെ (37), സുബിൻ വീട്ടില്‍ കയറി വടിവാള്‍ കൊണ്ടു ദേഹമാസകലം വെട്ടിയത്. ഗുരുതര പരിക്കേല്‍ക്കുകയും കൈവിരല്‍ അറ്റുപോവുകയും ചെയ്ത ബൈജു ചികിത്സയിലാണ്.

രഞ്ജിനിയെയും കൊണ്ടു ചങ്ങനാശേരിയില്‍ നിന്നു ട്രെയിനിലാണു സുബിൻ തിരുപ്പൂരിലേക്കു കടന്നത്. അവിടെ അയാളുടെ സഹോദരിയും അമ്മയും വാടകയ്ക്കു താമസിക്കുന്നുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. സുബിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടർന്ന് തിരുപ്പൂരിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. രഞ്ജിനിയും അവിടെ ഉണ്ടായിരുന്നു. സുബിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് ആ ബന്ധം ഉപേക്ഷിച്ചു രഞ്ജിനി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയതെന്നു പൊലീസ് അറിയിച്ചു. ഈയിടെ ബൈജുവുമായി അടുപ്പത്തിലായി ഒരുമിച്ചു താമസം തുടങ്ങി. അതറിഞ്ഞാണു സുബിൻ അവിടെയെത്തി അക്രമം നടത്തിയത്. 17ന് രാത്രി സുബിൻ ബൈജുവിന്റെ വീട്ടിലെത്തി അടുക്കള വാതില്‍ തകർത്ത് അകത്തു കയറി രഞ്ജിനിയെയാണ് ആദ്യം വെട്ടിയത്.

വെട്ടു തടയുമ്ബോഴാണു ബൈജുവിന്റെ കൈവിരല്‍ അറ്റത്. പിന്നീട് ബൈജുവിനെ പലതവണ വെട്ടി. അതിനു ശേഷം രഞ്ജിനിയെ പാടത്തെ വെള്ളക്കെട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. എസി റോഡില്‍ നിന്ന് ഓട്ടോയില്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലെത്തി. ട്രെയിനില്‍ ആദ്യം എറണാകുളത്തേക്കും അവിടെ നിന്നു മറ്റൊരു ട്രെയിനില്‍ തിരുപ്പൂരിലേക്കും പോയെന്നു പൊലീസ് അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്ത് ഇന്നലെ സുബിനെ എത്തിച്ചു പൊലീസ് തെളിവെടുത്തു. രാവിലെ വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. രാമങ്കരി ഇൻസ്പെക്ടർ വി ജയകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ പി മുരുകൻ, പി രാജേഷ്, സീനിയർ സിപിഒ സി വിനിൻ, ജോസഫ്, സിപിഒ മനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റ ബൈജു കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.