സിവില്‍ സ‍‍ര്‍വീസിന് തയ്യാറെടുക്കുന്ന യുവതിയുടെ ബെഡ്റൂമിലും ശുചിമുറിയിലും ഒളിക്യാമറ; യുവാവ് പിടിയില്‍

ദില്ലി: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്താൻ ഒളിക്യാമറ സ്ഥാപിച്ച 30കാരൻ പിടിയില്‍. സിവില്‍ സർവീസ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവതിയുടെ ശുചിമുറിയിലും കിടപ്പുമുറിയിലുമാണ് ഇയാള്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയില്‍ കരണ്‍ എന്നായാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റ് ഉടമയുടെ മകനാണ് പിടിയിലായ കരണ്‍.

കരണിന്റെ പക്കല്‍ നിന്ന് ഒരു ഒളിക്യാമറയും പകർത്തുന്ന ദൃശ്യങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന രണ്ട് ലാപ്ടോപ്പുകളും പിടികൂടിയിട്ടുണ്ടെന്ന് ഡിസിപി അരുണ്‍ ഗുപ്ത അറിയിച്ചു. യുവതി സ്വന്തം നാടായ ഉത്തർപ്രദേശിലേയ്ക്ക് പോകുമ്ബോള്‍ മുറിയുടെ താക്കോല്‍ കരണിന്റെ പക്കല്‍ ഏല്‍പ്പിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. സമീപകാലത്ത് ചില അസ്വാഭാവികമായ പ്രവർത്തനങ്ങള്‍ തന്റെ വാട്ട്സ്‌ആപ്പില്‍ നടക്കുന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയില്‍ പരിചിതമല്ലാത്ത ഒരു ലാപ്ടോപ്പ് തന്റെ വാട്ട്സ്‌ആപ്പുമായി ലിങ്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തുകയും ഉടൻ തന്നെ ലോഗ് ഔട്ട് ചെയ്യുകയും ചെയ്തെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ഈ സംഭവത്തോടെ തന്നെ ആരോ പിന്തുടരുന്നതായി മനസിലാക്കിയ യുവതി അപ്പാർട്ട്മെന്റില്‍ പരിശോധന നടത്തി. തുടർന്ന് ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ഒരു ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തുകയും ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. മറ്റാരെങ്കിലും മുറിയില്‍ പ്രവേശിക്കാറുണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തിന് കരണിനെ താക്കോല്‍ ഏല്‍പ്പിക്കാറുണ്ടെന്ന് യുവതി പറഞ്ഞതോടെയാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ കരണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.