പുത്തന്‍ പണക്കാരെ പരീക്ഷിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി; അന്‍വര്‍ വിവാദത്തില്‍ ഇളകുന്നത് മലപ്പുറത്തെ ഇടത് അടിത്തറ
സംസ്ഥാന രാഷ്ട്രീയത്തിലെ വ്യത്യസ്ത പരീക്ഷണ കളരിയായിരുന്നു സിപിഎമ്മിന് എന്നും മലപ്പുറം ജില്ല. പാര്‍ട്ടിക്ക് വ്യക്തമായ അടിവേരുണ്ടെങ്കിലും ലീഗ് കോട്ട തകര്‍ത്ത് അതിജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ ആരെ ഇറക്കിയാണെങ്കിലും മലപ്പുറത്ത് സീറ്റ് കൂട്ടുകയെന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. എന്നാല്‍ ഈ പരീക്ഷണത്തിന് കൂടുതല്‍ ആയുസില്ലെന്ന് തെളിയിക്കുന്നതാണ് അന്‍വറിലൂടെ പാര്‍ട്ടിക്കു നല്‍കുന്ന പാഠം.
മലപ്പുറത്ത് കറകളഞ്ഞ സഖാക്കളോ പ്രവര്‍ത്തന പാരമ്പര്യമുള്ളവരോ സിപിഎമ്മില്‍ ഇല്ലാത്തതുകൊണ്ടായിരുന്നില്ല, പാര്‍ട്ടി പുത്തന്‍ പണക്കാരെ പരീക്ഷിച്ചു കൊണ്ടിരുന്നത്. പണമെറിഞ്ഞ് കരുത്തുകാട്ടുക അല്ലെങ്കില്‍ സീറ്റുകൂട്ടുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. ഒരു ഭാഗത്ത് ചിലവില്ലാതെ സീറ്റ് വര്‍ദ്ധിപ്പിക്കുകയും മറുഭാഗത്ത് പാര്‍ട്ടി ഫണ്ട് ഭദ്രമായി ലഭിക്കുകയും ചെയ്യുന്നു. ഈ പരീക്ഷണത്തിന് വലിയ തിരിച്ചടിയാണ് അന്‍വറിന്റെ മുന്നണി മാറ്റത്തിലൂടെ ഉണ്ടായിരിക്കുന്നത്.
ലീഗിലേയും കോണ്‍ഗ്രസിലേയും വോട്ട് മാത്രം വിജയ ലക്ഷ്യമാക്കിയിരുന്ന സിപിഎമ്മിന്റെ അടിവേരിളക്കുന്ന ചോദ്യങ്ങളുയര്‍ത്തിയാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പാര്‍ട്ടി വിട്ടത്.അന്‍വര്‍ പടിയിറങ്ങുമ്പോള്‍ സിപിഎം മറ്റു പാര്‍ട്ടികളില്‍ എത്രമാത്രം വിള്ളലുണ്ടാക്കിയോ അതിന്റെ പതിന്‍മടങ്ങ് അടിവേര് പിളര്‍ത്തിയാണ് അന്‍വറിന്റെ പടിയിറക്കമുണ്ടായത്. കൂടാതെ അന്‍വര്‍ ഉന്നയിച്ച നിരവധി ചോദ്യങ്ങളും.
ടി.കെ ഹംസ മുതല്‍ കെ.എസ് ഹംസ വരെ നീളുന്നതാണ് സിപിഎമ്മിന്റെ സ്വതന്ത്ര പരീക്ഷണം. ഒടുവില്‍ ലീഗ് വിട്ട് പാര്‍ലമെന്റിലേക്ക് മത്സരിച്ച കെ.എസ് ഹംസക്ക് പാര്‍ട്ടി ചിഹ്നം വരെ സിപിഎം അനുവദിക്കുകയുണ്ടായി. നിലവില്‍ മലപ്പുറം ജില്ലയിലെ മന്ത്രി വി.അബ്ദുറഹ്‌മാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവാണ്. സ്വതന്ത്രരായ കെ.ടി ജലീല്‍, നിയാസ് പുളിക്കലകത്ത് തുടങ്ങിയവര്‍ അന്‍വറിനു പിന്നാലെ ഭരണത്തെയും സര്‍ക്കാരിനുമെതിരെ വിമര്‍ശന മുന ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
വ്യവസായികള്‍ക്കും മുതലാളിമാര്‍ക്കും സീറ്റു നല്‍കുന്നതിനെതിരെ മുമ്പ് തന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിയോജിപ്പുള്ളവര്‍ നിരവധി ഉണ്ടായിരുന്നു. തീരുമാനം മുകളില്‍ നിന്ന് കെട്ടിയിറക്കുന്നതിനാല്‍ പലപ്പോഴും ഈ സഖാക്കള്‍ക്ക് പ്രതികരിക്കാന്‍ പറ്റാറില്ല. പ്രതികരിച്ചാല്‍ തന്നെ അതിന് ആയുസും കുറവായിരിക്കും. മലപ്പുറത്തെയും മലബാറിലെയും ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ സിപിഎമ്മില്‍ മാത്രമല്ല, മറ്റു രാഷ്ട്രീയ കക്ഷികളിലും ഏതുവിധത്തില്‍ സ്വാധീനമുണ്ടാക്കുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം..