മലപ്പുറം, പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ദി ഹിന്ദു’വിനു നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതായും സംഭവത്തില്‍ പത്രത്തിന് കത്ത് നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളല്ല പ്രസിദ്ധീകരിച്ചതെന്നും ഇത് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശമായി ഹിന്ദുവിന്റെ അഭിമുഖത്തില്‍ വന്നത്.
ഇതിനു പിന്നാലെ മുസ്ലീംലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികളും ഇടതുപക്ഷത്തെടൊപ്പമുള്ളവരടക്കം മുസ്ലീം മത സംഘടനകളും അഭിമുഖത്തിനെതിരെ രംഗത്ത് വന്നിരുന്നു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎമ്മിനെയും സര്‍ക്കാറിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ വിഷയം കൂടിയായിരുന്നു ഇത്. മുഖ്യ മന്ത്രിയുടെ അഭിമുഖം പി.വി അന്‍വര്‍ കൂടി ഏറ്റു പിടിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്.