നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി പുറത്ത് വിട്ട് പി.വി അന്‍വര്‍ എം.എല്‍.എ. സെപ്തംബര്‍ 13 ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കിയ 12 പേജടങ്ങുന്ന പരാതിയാണ് പുറത്തു വിട്ടിരിക്കുന്നത്.
സ്ത്രീ വിഷയത്തില്‍ ശൃംഖാരിയുടെ വേഷം അണിയുന്നുയെന്നും പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ നമ്പറില്‍ നിരന്തരമായി വിളിച്ചു പി.ശശി ശല്യം ചെയ്യുന്നതായും അന്‍വര്‍ പരാതിയില്‍ പറയുന്നു.
ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ശേഷമാണ് അന്‍വര്‍ പരാതി പുറത്തു വിട്ടത്. വലിയ കോളിളക്കമുണ്ടാക്കുന്നതാണ് പരാതിയെന്നും തെളിവുകള്‍ ഇപ്പോള്‍ പുറത്തു വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയും സിപിഎമ്മിന് പ്രതിരോധം തീര്‍ക്കാനെത്തുന്ന നേതാക്കളും ശശിക്കെതിരെ സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന പരാതി ഇല്ലെന്നായിരുന്നു വാദിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പു തന്നെ അന്‍വര്‍ പുറത്തു വിട്ടതോടെ പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.