ദില്ലി: ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 12 ഐഫോണ്‍ 16 പ്രോ മാക്സ് ഫോണുകള്‍.ദുബൈയില്‍ നിന്ന് യാത്ര പുറപ്പെട്ട യാത്രക്കാര്‍ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പിടിയിലായത്. നാല് യാത്രക്കാരാണ് പിടിയിലായത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണുകള്‍ പിടിച്ചെടുത്തു. ഒക്ടോബര്‍ ഒന്നിനാണ് സംഭവം ഉണ്ടായത്. ഇന്‍ഡിഗോയുടെ 6E-1464 വിമാനം വഴിയാണ് ഇവര്‍ ഫോണുകള്‍ കടത്താന്‍ ശ്രമിച്ചത്. ദില്ലി കസ്റ്റംസ് അധികൃതരാണ് ഇവ പിടിച്ചെടുത്തത്. യുഎഇയിലെത്തി ഐഫോണ്‍ കുറഞ്ഞ വിലയില്‍ വാങ്ങി തിരികെ ഇന്ത്യയില്‍ ഇവ വന്‍ വിലക്ക് വില്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഏറ്റവും പുതിയ ഐഫോണ്‍ 16 മോഡലിന് 3,399 ദിര്‍ഹം (77,703 ഇന്ത്യന്‍ രൂപ) ആണ് യുഎഇയില്‍ വില. ഐഫോണ്‍ 16 പ്ലസിന്‍ററെ ബേസ് മോഡലിന് 3,799 ദിര്‍ഹമാണ് യുഎഇയിലെ വില. ഐഫോണ്‍ 16 പ്രോയ്ക്ക് 4,299 ദിര്‍ഹവും ഐഫോണ്‍ 16 പ്രോ മാക്സിന് 5,099 ദിര്‍ഹവുമാണ് ബേസ് മോഡലിന്‍റെ വില.