സംസ്ഥാനത്ത് മഴ ശക്തമാകുന്നു, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദ്ദേശം, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇടുക്കിക്ക് പിന്നാലെ മലപ്പുറത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
* ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങള്‍
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.