23 ലക്ഷം രൂപയെ ചൊല്ലി തര്‍ക്കം; വൃദ്ധദമ്ബതികള്‍ക്ക് ക്രൂരമര്‍ദനം; സിസിടിവി ദൃശ്യങ്ങള്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൃദ്ധ ദമ്ബതികള്‍ക്ക് ക്രൂരമർദ്ദനമേറ്റു.പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റിരിക്കുന്നത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിസിനസില്‍ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റവും മര്‍ദനവുമുണ്ടായത്. വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കള്‍ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി.

അതേ സമയം, അസൈനും ഭാര്യ പാത്തുമ്മയും മക്കളും വീട്ടില്‍ കയറി മർദിച്ചെന്നാണ് അബ്ദുള്‍ കലാമിൻ്റെ പരാതി. ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 23 ലക്ഷം രൂപയെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഒന്നര വർഷമായി പണം തിരികെ നല്‍കിയില്ലെന്ന് അസൈൻ പറയുന്നു. എന്നാല്‍ പണം നല്‍കാനില്ലെന്നാണ് അബ്ദുർ കലാം പറയുന്നത്. സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.