അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും ഇടിച്ചിട്ട് സ്വിഫ്റ്റ് കാര്‍, പരിശോധിച്ചപ്പോള്‍ കഞ്ചാവും ഒഴിഞ്ഞ ഗ്ലാസും

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും മാതാവിനെയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു.താമരശ്ശേരി തച്ചംപൊയില്‍ ഇടകുന്നുമ്മല്‍ സ്വദേശികളായ ഷംല അസീസ്, മകള്‍ ഇഷ അസീസ് എന്നിവരെയാണ് കാര്‍ ഇടിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ കാർ നാട്ടുകാർ തടഞ്ഞുവെച്ചു.

നാട്ടുകാരുടെ പരിശോധനയില്‍ കാറില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെ പൂനൂര്‍ അങ്ങാടിയിലാണ് അപകടം നടന്നത്. വിനോദ യാത്രക്ക് പോയി മടങ്ങിവരികയായിരുന്ന ഷംല അസീസും കുടുംബവും ശുചിമുറി ഉപയോഗിക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി തിരിച്ച്‌ വരുമ്ബോഴാണ് അപകടം നടന്നത്. അപകടം നടന്ന ഉടന്‍ കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. സംശയം തോന്നിയ നാട്ടുകാര്‍ കാര്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് കഞ്ചാവ് ലഭിച്ചത്.

ഒഴിഞ്ഞ മദ്യ ഗ്ലാസും അച്ചാര്‍ കുപ്പിയും കാറില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ബാലുശ്ശേരി തലയാട് സ്വദേശി വെട്ടത്തേക്ക് വീട്ടില്‍ അജിത്ത് ലാലിനെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. 75 ഗ്രാം കഞ്ചാവാണ് കാറില്‍ നിന്ന് പിടികൂടിയത്. ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.