ഒറ്റനോട്ടത്തില്‍ ഒറിജിനല്‍; വ്യാജനാണെന്ന് അറിഞ്ഞപ്പോഴേയ്ക്കും ആള്‍ മുങ്ങി, കൊല്ലത്ത് 500 ന്‍റെ കള്ളനോട്ട്, തട്ടിപ്പ്

കൊല്ലം: കുണ്ടറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്. പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയത്.നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ കടകളില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടന്നത്.

500 രൂപയുടെ കള്ളനോട്ടുകളുമായാണ് പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദ് എത്തിയത്. തുടർന്ന് 4 കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങി. ഒരു കടയില്‍ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നല്‍കി. കള്ളനോട്ടാണെന്ന് കടക്കാർ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ബാക്കി തുക കൈപ്പറ്റിയ ശേഷം വേഗം മുങ്ങി.

നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്. അറസ്റ്റിലായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. ലാപ്ടോപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ സ്വന്തമായി കള്ളനോട്ട് നിർമ്മിക്കുന്നതാണ് രീതി. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.