തന്റെ പഴയ സഹപ്രവര്‍ത്തകന്‍ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹത്തിനരികെ വിതുമ്പല്‍ അടക്കാന്‍ കഴിയാതെ വിഴിഞ്ഞം സീപോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. പത്തനംതിട്ട കലക്ടറേറ്റില്‍ നവീനിന്റെ മൃതദേഹം പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ സഹപ്രവര്‍ത്തകരും നാടും ഒരേ സമയം ദുഃഖത്തിലാണ്ടു പോയിരുന്നു. അങ്ങേയറ്റം വൈകാരികമായി സഹപ്രവര്‍ത്തകനോട് അടുപ്പം സൂക്ഷിക്കുന്ന കുറെയധികം ആളുകള്‍ അവസാനമായി നവീന്‍ ബാബുവിനെക്കാണാന്‍ കലക്ടറേറ്റില്‍ എത്തി ഒരു അപൂര്‍വ്വ വിടവാങ്ങലിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്.
മുപ്പതുവര്‍ഷത്തോളം സര്‍വീസിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ ഒന്നും തന്നെ അദ്ദേഹത്തിന്റെ മാതൃ വകുപ്പായ റവന്യു വകുപ്പിനില്ല. അദ്ദേഹത്തിന്റെ സര്‍വീസ് റെക്കോര്‍ഡ്‌സില്‍ ഒരു കറുത്ത മഷിയുടെ പാടുപോലും വീണിട്ടില്ല എന്നുള്ളതിന് തെളിവായിരുന്നു പൊതുദര്ശന ചടങ്ങില്‍ തടിച്ചുകൂടിയ ജനക്കൂട്ടം.
ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുമപ്പുറം നവീനുമായി ഒരാത്മബന്ധം പുലര്‍ത്തിയിരുന്നു ദിവ്യ. എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെയാണ് എല്ലാവരെയും കാണുക. ഏത് സമയത്തും എന്ത് കാര്യത്തിന് വിളിച്ചാലും സഹായവുമായി ഓടിയെത്തുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു നവീന്‍ എന്ന് ദിവ്യ ഓര്‍ക്കുന്നു. പത്തനംതിട്ടയില്‍ തന്റെ കീഴില്‍ തഹസില്‍ദാറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് അദ്ദേഹം റാന്നിയില്‍ തഹസില്‍ദാര്‍ എന്ന നിലയിലുള്ള നവീനിന്റെ പ്രവര്‍ത്തനം എന്നും തങ്ങള്‍ക്കൊരു ബലമായിരുന്നുവെന്നും ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
നവീന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.സംസ്‌ക്കാരം വൈകിട്ടോടെയാണ് നടക്കുക.
സ്ഥലംമാറ്റം ലഭിച്ച് സ്വന്തംനാടായ പത്തനംതിട്ടയില്‍ അടുത്തദിവസം ചുമതലയില്‍ പ്രവേശിക്കാനിരിക്കെയായിരുന്നു നവീനിന്റെ വിയോഗം. നാട്ടിലേക്ക് മടങ്ങാനിരുന്ന നവീന്‍ ബാബു, രാത്രിയോടെ ക്വാട്ടേഴ്‌സിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. നവീന്‍ബാബുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്.