Fincat

16 ഉം 17 ഉം വയസുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചത് ആളുമാറി; അന്വേഷണം പേരിനെന്ന് കുടുംബം

മഞ്ചേരി: മലപ്പുറം പൂക്കോട്ടൂരില്‍ പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ആളുമാറി മർദ്ദിച്ചതില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി.പൂക്കോട്ടൂർ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാർത്ഥികള്‍ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് ദുർബല വകുപ്പുകള്‍ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് പൊലീസിന്‍റെ മർദ്ദനമേറ്റത്. കരിപ്പൂർ എയർപോർട്ട് റോഡിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടയായിരുന്നു വിദ്യാർത്ഥികള്‍ക്ക് മർദ്ദനമേറ്റത്. വിവാഹചടങ്ങിലെ സ്റ്റേജ് ഡെക്കറേഷന് സുഹൃത്തിനൊപ്പം പോയതായിരുന്നു വിദ്യാർത്ഥികള്‍. ഇതിനിടെയാണ് ആള് മാറി മർദ്ദനമേല്‍ക്കുന്നത്.

കേസില്‍ പരാതി നല്‍കി ഇത്ര ദിവസമായിട്ടും ഓഡിറ്റോറിയത്തിലെ സിസിടിവിയും പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു.പൊലീസിനെതിരെ ബാലാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാൻ ഒരുങ്ങുകയാണ് കുടുംബം.