ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് 21 വര്‍ഷം, 28 കേസുകളിലെ പ്രതി ഒടുവില്‍ പിടിയില്‍, നിര്‍ണായകമായത് ഫോണ്‍ കോള്‍
മലപ്പുറം: നീണ്ട 21 വർഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പൊലീസ്. ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളില്‍ 2003ല്‍ അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ജാമ്യത്തിലിറങ്ങിയ ശേഷം 21 വർഷമാണ് മുങ്ങി നടന്നത്.പത്തനംതിട്ട ജില്ലയിലെ വിവിധ കോടതികളിലായി 26 കേസുകളും കോയിപ്രം പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളുമായി ആകെ 28 കേസുകളില്‍ പ്രതിയാണ് ഇയാള്‍. പത്തനംതിട്ട പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
തെളിയാതെ കിടന്നിരുന്ന കേസുകള്‍ തീർപ്പാക്കുന്നതിനായി പഴയ കേസുകള്‍ പൊടിതട്ടിയെടുത്ത പൊലീസ് വഞ്ചനാ കേസിലെ പ്രതിയായ ഫസലുദീനെ ഒരു വർഷമായി അന്വേഷിക്കുകയായിരുന്നു. 2003ല്‍ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്യുമ്ബോള്‍ ഇയാള്‍ ഒരു സർക്കാർ വകുപ്പില്‍ സീനിയർ സൂപ്രണ്ടായി ജോലി ചെയ്യുകയായിരുന്നു. ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ഇയാള്‍ മരിച്ചെന്ന് നാട്ടില്‍ പ്രചരിച്ചിരുന്നു.
ഫസലുദ്ദീന്റെ ബന്ധുക്കളുടെ ഫോണ്‍ നമ്ബറുകള്‍ നിരീക്ഷിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മക്കളില്‍ ഒരാളുടെ ഫോണിലേയ്ക്ക് മലപ്പുറത്ത് നിന്ന് തുടർച്ചയായി വന്ന കോള്‍ ശ്രദ്ധയില്‍പ്പെട്ടു. ആ നമ്ബർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഫസലുദ്ദീന്റെ ഫോണ്‍ നമ്ബർ തന്നെയാണതെന്ന് സ്ഥിരീകരിച്ചു. അയാളുടെ ലൊക്കേഷനും ഇപ്പോഴത്തെ ചുറ്റുപാടും മനസ്സിലാക്കിയ പത്തനംതിട്ട പൊലീസ് അയാളെ പിടികൂടാനായി മലപ്പുറത്തെത്തി. കോട്ടയ്ക്കലില്‍ ഒരു സ്വകാര്യ സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തിരുന്ന ഫസലുദ്ദീനെ മഫ്തിയില്‍ സ്കൂളിലെത്തിയാണ് പൊലീസ് പിടികൂടിയത്.
പത്തനംതിട്ട ഡി വൈ എസ് പി എസ്. നന്ദകുമാറിൻ്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ ഷിബു കുമാർ ഡി നയിച്ച സംഘമാണ് കേസ് അന്വേഷിച്ചത്. എസ് ഐ. ജിനു ജെ. യു, സിപിഒമാരായ രജിത് കെ. നായർ, അഷർ മാത്യു, അബ്ദുല്‍ ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് മലപ്പുറത്തെത്തി പ്രതിയെ പിടികൂടിയത്.