Fincat

ആഹാരത്തിന് വേണ്ടി മകനെ വിളിച്ച്‌ അന്ധരായ വൃദ്ധ ദമ്ബതികള്‍; തൊട്ടടുത്ത് മകൻ മരിച്ച നിലയില്‍

ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ് അന്ധരായ വൃദ്ധ ദമ്ബതികള്‍. 4-5 ദിവസങ്ങള്‍ക്ക് മുമ്ബ് മകൻ മരിച്ചതായി സംശയമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു.വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോള്‍ 30 വയസ് പ്രായമുള്ള മകൻ്റെ മൃതദേഹത്തിനൊപ്പം അർദ്ധബോധാവസ്ഥയില്‍ ദമ്ബതികളെ കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള ദമ്ബതികള്‍ മകൻ പ്രമോദിന്റെ മരണത്തെക്കുറിച്ച്‌ അറിയാതെ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. വിവരമൊന്നും ലഭിക്കാത്തതിനാല്‍ സഹായത്തിന് വേണ്ടി അയല്‍ക്കാരെ വിളിക്കുകയും ചെയ്തു. എന്നാല്‍, ഇരുവരും ക്ഷീണിതരായതിനാലും ശബ്ദക്കുറവുള്ളതിനാലും അയല്‍ക്കാരും ഇവരുടെ വിളി കേട്ടില്ല.

പൊലീസ് എത്തിയാണ് വൃദ്ധ ദമ്ബതികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയത്. ഹൈദരാബാദില്‍ തന്നെ മറ്റൊരിടത്ത് താമസിക്കുന്ന ഇവുടെ മൂത്ത മകനെ പൊലീസ് വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രമോദ് പതിവായി മദ്യപിക്കുമായിരുന്നുവെന്നും ഒരു വർഷത്തോളമായി ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. ആവശ്യമായ ചികിത്സ ലഭിക്കുന്നതിനായി ദമ്ബതികളെ ഒരു വൃദ്ധസദനത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.