‘വൈകുന്നേരം മുതല്‍ രാത്രി വരെ ചികിത്സിച്ചില്ല’; ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം

തൃശൂർ: ഒല്ലൂരില്‍ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കള്‍.പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

വൈകുന്നേരം 4.30 മുതല്‍ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നല്‍കിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാല്‍ പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നല്‍കിയതെന്നാണ് സ്വകാര്യ ആശുപത്രിയി പറയുന്നത്. ഇൻജെക്ഷൻ വഴി മരുന്ന് നല്‍കാൻ കഴിയാത്ത അവസ്ഥ ആയതിനാല്‍ മരുന്ന് നല്‍കാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഒല്ലൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒല്ലൂരിലെ വിൻസെന്റ് ഡി പോള്‍ ആശുപത്രിക്കെതിരെയാണ് പരാതി.