ട്രെയിനിടിച്ച്‌ കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിൻ തട്ടി കാണാതായ തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണന്‍റെ (48) മൃതദേഹം കണ്ടെത്തി.ഭാരതപ്പുഴയില്‍ ഇന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികളായ മൂന്നുപേര്‍ മരിച്ചത്.

ട്രെയിൻ തട്ടി പുഴയില്‍ വീണ നാലാമത്തെയാളായ ലക്ഷ്മണനെ കണ്ടെത്താൻ ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീം ഉള്‍പ്പെടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം നാലായി. ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീമിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചിൻ പാലത്തിന്‍റെ തൂണിനോട് ചേര്‍ന്നായിരുന്നു ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്.

ട്രെയിൻ തട്ടി മരിച്ച റെയില്‍വേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് ട്രെയിൻ തട്ടിയതിനുശേഷം കാണാതായത്. പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയെന്ന സംശയത്തില്‍ ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. പുഴയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് ഇന്നലെ തെരച്ചില്‍ നിര്‍ത്തിവെച്ചു.

ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍റെ മൃതദേഹവും കണ്ടെത്തിയത്. മരിച്ച റാണിയും വല്ലിയുംയും സഹോദരിമാരാണ്. അഞ്ചുവര്‍ഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം. റെയില്‍വെ പാളത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് ഇവരെ ട്രെയിൻ തട്ടിയത്.