അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്.കണ്ണൂര്‍ പിലാത്തറ സ്വദേശിയും മോഡല്‍ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ഷാസില്‍ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്.
അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്ത് കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഷാസില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അബുദാബി ഡിഫൻസില്‍ ഉദ്യോഗസ്ഥനായ എം.പി.ഫസലുറഹ്മാന്റെയും എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനല്‍ അക്കാദമി അധ്യാപിക പി.ആയിഷയുടെയും മകനാണ്. സഹോദരൻ: റിഹാം. രാത്രിയും പകലും എത്ര തിരക്കുണ്ടെങ്കിലും സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 200 മുതല്‍ 400 ദിർഹം വരെ പിഴ ചുമത്തും. സീബ്രാ ക്രോസില്‍ കാല്‍നട യാത്രക്കാർക്ക് മുൻഗണന നല്‍കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.