വീട്ടിലെ പരിശോധനയില്‍ കണ്ടെടുത്തത് ചാരായം, ഒപ്പം വാറ്റ് ഉപകരണങ്ങളും; ഭാര്യ പിടിയില്‍, ഭര്‍ത്താവ് ഒളിവില്‍

റാന്നി: പത്തനംതിട്ട റാന്നിയില്‍ 13 ലിറ്റർ ചാരായവുമായി ഒരു സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി സ്വദേശിനി മറിയാമ്മയാണ് അറസ്റ്റിലായത്.ഭർത്താവ് രാജു ഒളിവില്‍ പോയിരിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ചാരായ വാറ്റിനെക്കുറിച്ച്‌ അറിഞ്ഞ് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വീട്ടില്‍ നിന്ന് വാറ്റ് ഉപകരണങ്ങള്‍ പിടിച്ചെടുത്തുവെന്നും എക്സൈസ് സംഘം വ്യക്തമാക്കി.

വിശദ വിവരങ്ങള്‍ ഇങ്ങനെ

എക്സൈസ് സർക്കിള്‍ ഓഫീസില്‍ നിന്നുള്ള പരിശോധനയില്‍ റാന്നിയിലെ വീട്ടില്‍ നിന്നാണ് 13 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. റാന്നി എക്‌സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഹുസൈൻ അഹമ്മദും സംഘവും ചേർന്ന് റാന്നി ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടില്‍ നിന്നുമാണ് ചാരായം പിടികൂടിയത്. മറ്റക്കാട്ട് വീട്ടില്‍ രാജു, ഭാര്യ മറിയാമ്മ എന്നിവരുടെ പേരില്‍ അബ്കാരി കേസ് എടുത്തതായും എക്സൈസ് അറിയിച്ചു. മറിയാമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസർ നിതിൻ ശ്രീകുമാർ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ ജിജി ബാബു, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് കുമാർ എന്നിവരാണ് പങ്കെടുത്തത്.