തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പുതുമയുള്ള കാര്യമല്ല. രാഷ്ട്രീയത്തിലും വികസനത്തിലും ഊന്നിയായിരുന്നു മുമ്പൊക്കെ ആരോപണവും ചര്‍ച്ചയുമെങ്കില്‍ ഈയടുത്ത കാലത്തായി ജയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടയില്ലാ വെടിപൊട്ടിച്ച് പുകമറ സൃഷ്ടിക്കുന്ന രീതിയാണ്. വ്യക്തിഹത്യയും നിലവാരമില്ലാത്ത പരാമര്‍ശങ്ങളുമായിരിക്കും അധികവും. ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്ന ചിന്ത ലവലേശം ഇല്ലാതെയാണ് ഗുരുതരമായ ആരോപണങ്ങള്‍ പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ തൊടുത്ത് വിടുന്നത്.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന പെട്ടി വിവാദവും കള്ളപ്പണ ചര്‍ച്ചയും. എന്താണ് ഇതിന്റെ വസ്തുതയെന്ന് ഇവര്‍ക്കെല്ലാം അറിയാമെങ്കിലും ആരോപണം ഉന്നയിച്ച് വിഷയം ലൈവാക്കി നര്‍ത്തുകയാണ് അജണ്ട. വിഷയത്തിന്റെ പൊരുള്‍ അറിയാവുന്ന മാധ്യമങ്ങളാകട്ടെ കിട്ടിയ അവസരം റീച്ച് കൂട്ടാനും കൂട്ടിയടിപ്പിക്കാനും മാത്രം സമയം കണ്ടെത്തുന്നു. മാധ്യമങ്ങളുടെ കണ്‍മുന്നില്‍ നടക്കുന്ന സംഭവമാണെങ്കില്‍ പോലും ആരോപണ വേര്‍ഷന്‍ മാത്രം സംപ്രേക്ഷണം ചെയ്ത് പ്രശ്‌നം ആളികത്തിക്കുകയും വിഷയം അനാവാശ്യമായി വഴിതിരിച്ചു വിടുകയുമാണ് ഇപ്പോള്‍ മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിലൂടെ കാമ്പുള്ള രാഷ്ട്രീയമോ വികസന ചര്‍ച്ചകളോ ജനകീയ പ്രശ്‌നങ്ങളോ എല്ലാംതന്നെ മുങ്ങിപ്പോകുന്നു.
തെരെഞ്ഞെടുപ്പിന് മുമ്പ് തരംതാണ എന്ത് ആരോപണങ്ങള്‍ എതിര്‍ കക്ഷികള്‍ക്ക് എതിരെ ഉന്നയിച്ചാലും ഒരു വോട്ടെങ്കിലും അതികം കിട്ടുമെന്നാണ് ഇത്തരം വിവാദങ്ങളിലൂടെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്. വിഷയം തെരഞ്ഞെടുപ്പ് വരെ ലൈവാക്കി നിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്തിതി എന്താണെന്ന് തെളിയിക്കപ്പെടുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കാലവും കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ഇത്തരം പുകമറ ആരോപണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞി പ്രതികരിക്കുന്നതാണ് അടുത്ത കാലങ്ങളില്‍ കാണുന്നത്.
വടകരയില്‍ ഏറെ വാര്‍ഗീയ കോളിളക്കം ഉണ്ടാക്കാന്‍ ഇടയുണ്ടായിരുന്ന കാഫിര്‍ വിവാദം ഒടുവില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആരോപണ വിധേയനായ ചെറുപ്പക്കാരന് കോടതിയിലൂടെ ആരോപണം തെറ്റായിരുന്നെന്ന് തെളിയിക്കേണ്ടി വന്നു. അതേ സ്ഥിതിയാണ് ഭരണ സ്വാധീനവും പോലീസിനെയും ഉപയോഗിച്ച് കഴിഞ്ഞ ദിവസം പാലക്കാട് നടന്ന കള്ളപ്പണ തിരക്കഥയും. എന്നാല്‍ ഈ തിരക്കഥ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊളിയുന്ന കാഴ്ചയായിരുന്നു. ഇതോടെ പാലക്കാട്ടെ പുകമറ രാഷ്ട്രീയം സിപിഎമ്മിന് തന്നെ തിരിച്ചടിയാവുകയും അത് യുഡിഎഫിനും രാഹുല്‍ മാങ്കൂട്ടത്തിനും അനുകൂലമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഉപതെരഞ്ഞെടുപ്പ് തിയ്യതി അടുക്കും തോറും കുതന്ത്രങ്ങളും തിരക്കഥകളും ഇനിയും കൂടിയേക്കും. എന്നാല്‍ ജനങ്ങള്‍ക്ക് ഈ നാടകങ്ങളില്‍ താല്‍പര്യമില്ലെന്ന് രാഷ്ട്രീയക്കാര്‍ തിരിച്ചറിയുന്നത് നന്നായിരിക്കും.