വ്യാപക നാശം, ആലപ്പുഴയിലെ ബുധനൂരിനെ നടുക്കി ഇടിമിന്നല്‍; ഒറ്റയടിക്ക് നാശം സംഭവിച്ചത് 5 വീടുകള്‍ക്കും ക്ഷേത്രത്തിനും

മാന്നാർ: ബുധനൂരില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകള്‍ക്കും കുടുംബക്ഷേത്രത്തിനുമാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്.നിരവധി വൈദ്യുതോപകരങ്ങള്‍ കത്തിനശിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് മലമേല്‍ സുനില്‍കുമാർ പി, സഹോദരൻ അജികുമാർ പി, മലമേല്‍ ശശി, റിജോ ഭവനില്‍ സാബു, അമല്‍ വില്ലയില്‍ അമ്ബിളി എന്നിവരുടെ വീടുകള്‍ക്കും വൈദ്യുതോപകരണങ്ങള്‍ക്കുമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാശനഷ്ടം സംഭവിച്ചത്. സുനില്‍കുമാറിന്റെ വീട്ടില്‍ ഹാളിലെ ഭിത്തിയില്‍ സ്ഥാപിച്ച 45 ഇഞ്ച് എല്‍ ഇ ഡി ടി വിയും സ്വിച്ച്‌ ബോർഡും പൂർണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കേബിള്‍ കണക്ഷന്റെ സെറ്റപ്പ് ബോക്സ്, ഡി വി ഡി പ്ലെയർ, രണ്ട് ടോർച്ചുകള്‍ എന്നിവയും നശിച്ചു. ആരുമില്ലാതിരുന്നതിനാല്‍ അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നും തീയുടെ ചൂടേറ്റ് പുക ഉയരുന്നത് കണ്ട സമീപവാസികള്‍ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വൻദുരന്തം ഒഴിവായി.

തൊട്ടടുത്ത് സുനിലിന്റെ സഹോദരൻ അജികുമാറിന്റെ ഒരുവർഷം മാത്രമായ പുതിയ വീടിന്റെ അടിത്തറയുടെ ഭാഗം പൊട്ടിത്തകർന്ന നിലയിലാണ്. വീട്ടിനുളിലെ അഞ്ചോളം ഫാനുകള്‍, ഫ്രിഡ്ജ്, ലൈറ്റുകള്‍, തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. വൈദ്യുത തൂണില്‍ നിന്നും വീട്ടിലേക്ക് പോയിരിക്കുന്ന സർവീസ് വയറുകളും സമീപത്തുള്ള മലമേല്‍ കുടുംബ ക്ഷേത്രത്തിന്റെ വൈദ്യുത മീറ്റർ ബോക്സും കത്തി നശിക്കുകയും ചെയ്തു. കെ എസ് ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.