യുവതിയുടെ ഒറ്റ തമാശയില്‍ സീനാകെ മാറി, പിന്നാലെ മെറ്റല്‍ ഡിറ്റക്ടറില്‍ ബീപ്പ് ശബ്‍ദം; പരിഭ്രാന്തിയിലായി വിമാനത്താവളം

ഹൈദരാബാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ യുവതി പറഞ്ഞ തമാശ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി.ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റർനാഷണല്‍ എയർപോർട്ടിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ ഒരു സ്ത്രീ ബോംബിനെക്കുറിച്ച്‌ തമാശ പറയുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടർ കൊണ്ട് പരിശോധന തുടരവേ സ്ത്രീയുടെ കണങ്കാലിന് അടുത്തെത്തിയപ്പോള്‍ ബീപ്പ് ശബ്‍ദം മുഴങ്ങിയതോടെ കാര്യങ്ങള്‍ വഷളാവുകയും ചെയ്തു.

ഗോവയിലേക്ക് പോകാനായാണ് യുവതി വ്യാഴാഴ്ച വിമാനത്താവളത്തില്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയോട് വലിയ എതിര്‍പ്പാണ് യുവതി പ്രകടിപ്പിച്ചത്. ബോംബ് ഉള്ള പോലെയാണല്ലോ പരിശോധനയെന്ന് യുവതി ഇതിനിടെ പറഞ്ഞതാണ് പ്രശ്നമായത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെയും ലഗേജുകളും സുരക്ഷാ മേഖലയിലേക്ക് കൊണ്ടുവന്ന് സമഗ്രമായ പരിശോധന നടത്തി. ഇതിനിടെയാണ് മെറ്റല്‍ ഡിറ്റക്ടര്‍ ബീപ്പ് ശബ്‍ദം മുഴക്കിയത്. ഉടൻ തന്നെ ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയും വിശദമായ പരിശോധന തുടരുകയും ചെയ്തു. ഇതിനിടെ യുവതിയുടെ മാതാപിതാക്കളെയും വിളിച്ചു വരുത്തി.

ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ കണങ്കാലില്‍ മെറ്റല്‍ റോഡ് ഇട്ടിരുന്നതായി മാതാപിതാക്കള്‍ പറയുകയും ശസ്ത്രക്രിയ നടന്നതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ രേഖകളും ഹാജരാക്കുകയും ചെയ്തതോടെയാണ് സാഹചര്യം ഒന്ന് ശാന്തമായത്. തുടർന്ന് സിഐഎസ്‌എഫ് ജീവനക്കാർ യുവതിയെ പൊലീസിന് കൈമാറി. യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും വിമാനത്താവളത്തിലെ എസ്‌എച്ച്‌ഒ കെ ബാലരാജു പറഞ്ഞു.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി രാജ്യത്തുടനീളമുള്ള പല വിമാനത്താവളങ്ങള്‍ക്കും നൂറുകണക്കിന് വിമാനങ്ങള്‍ക്കും വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നു. ഇതേക്കുറിച്ച്‌ കേന്ദ്രസർക്കാർ റിപ്പോർട്ട് തേടുകയും യാത്രക്കാർക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ പരിശോധന കര്‍ശനമാക്കിയിട്ടുമുണ്ട്.