മുംബൈ: മുംബൈ നഗരത്തിലെ ഗോറായി ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏഴ് കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.25നും 40നും ഇടയില്‍ പ്രായമുണ്ടെന്ന് കരുതുന്ന ഒരാളുടെ മൃതദേഹം ബീച്ചിന് സമീപം നാല് പ്ലാസ്റ്റിക് ചാക്കുകളിലായി കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ യുവാവിൻ്റെ മൃതദേഹം ഏഴ് കഷ്ണങ്ങളാക്കി നാല് പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ കയ്യില്‍ പച്ചകുത്തിയ അടയാളം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ സൂചന ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ, മുംബൈയിലെ കാണ്ടിവാലി പ്രദേശത്ത് 14 തെരുവ് നായ്ക്കളുടെ ജഡങ്ങള്‍ ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാണ്ടിവാലിയുടെ പടിഞ്ഞാറൻ മേഖലയിലാണ് സംഭവം.
സംശയാസ്പദമായ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ചാക്ക് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് 14 തെരുവ് നായകളുടെ ജഡം കണ്ടെത്തിയത്. ഭാരതീയ ന്യായ സംഹിതയിലെയും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.