ഓണ്‍ലൈൻ തട്ടിപ്പ്; റിട്ട. എൻജിനീയര്‍ക്ക് 77 ലക്ഷം നഷ്ടമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനീയറില്‍നിന്ന് ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം കിട്ടുമെന്ന് മോഹിപ്പിച്ച്‌ 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയില്‍.പാലക്കാട് നാട്ടുകല്‍ കലംപറമ്ബില്‍ അബ്ദുല്‍ മുനീർ (32), ബന്ധു പാലക്കാട് മണ്ണാർക്കാട് കൊട്ടിയോട് മുസ്തഫ (51) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരനെ രാജ്യത്തെ പ്രമുഖ ഓണ്‍ലൈൻ ട്രേഡിങ് കമ്ബനിയുടെ ഉദ്യോഗസ്ഥരെന്ന് വാട്സ്ആപ്പിലൂടെ പരിചയപ്പെടുത്തിയ പ്രതികള്‍ ട്രേഡിങ്ങിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. 2024 ആഗസ്റ്റില്‍ പരാതിക്കാരനുമായി വാട്സ്ആപ് ചാറ്റിലൂടെ പ്രതികള്‍ ബന്ധപ്പെട്ടു. സെപ്റ്റംബർ വരെയുള്ള ഒരുമാസത്തെ കാലയളവില്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി പണം തട്ടിയെടുത്തശേഷം പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കയച്ചാണ് തട്ടിപ്പ് നടത്തിയത്.

കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ പ്രത്യേക നിർദേശ പ്രകാരം ഓണ്‍ലൈൻ തട്ടിപ്പ് കേസുകളിലുള്‍പ്പെടെ കേരളത്തിലുള്ള ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എറണാകുളം അസിസ്റ്റന്‍റ് കമീഷണർ പി. രാജ്കുമാറിന്‍റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. ഫിറോസിന്‍റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർമാരായ ഹരിശങ്കർ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ സൂരജ്, പ്രശാന്ത്, അനീഷ് എന്നിവർ ചേർന്നാണ് പാലക്കാട് പൊലീസിന്‍റെ സഹായേത്താടെ പ്രതികളെ മണ്ണാർക്കാട്ടുനിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.