‘വയറില്‍ തുണികെട്ടിവെച്ച്‌ ഭര്‍ത്താവിനെ പറ്റിച്ചു, യുവതിക്കൊപ്പം കൂട്ടുവന്ന ദീപ കുഞ്ഞിനെ തട്ടിയെടുത്തു’; അന്വേഷണം

ചെന്നൈ: സർക്കാർ സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അമ്മയുടെ പക്കല്‍നിന്ന് യുവതി തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പൊലീസ് കണ്ടെത്തി.കണ്ണകി നഗർ സ്വദേശിനി നിഷാന്തിയുടെ 44 ദിവസം പ്രായമായ കുട്ടിയെ കണ്ണഗി നഗറിലെ ആശുപത്രിയില്‍ നിന്നുമാണ് കണ്ടെത്തിയത്. സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ തട്ടിയെടുത്തത് തിരുവേർക്കാട് സ്വദേശിയായ ദീപയാണെന്ന് പൊലീസ് കണ്ടെത്തി.

രണ്ട് ദിവസം മുമ്ബാണ് 25 കാരിയായ നിശാന്തിനില്‍ നിന്നും ദീപ കുഞ്ഞിനെ തട്ടിയെടുക്കുന്നത്. സൗജന്യ ആരോഗ്യ പരിശോധനയ്ക്കെന്ന വ്യാജേന നിശാന്തിനിയുമായി ദീപ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. യാത്രാ മധ്യേ ടി നഗറിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറി. നിശാന്തിനി കുഞ്ഞിനെ ദീപയെ ഏല്‍പ്പിച്ച്‌ കൈ കൈഴുകാൻ പോയി. ഈ തക്കം നോക്കിയാണ് ദീപ കുഞ്ഞുമായി രക്ഷപ്പെട്ടത്. പിന്നീട് കുഞ്ഞിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ ദീപ വേലപ്പൻചാവടിയിലെ ആശുപത്രിയിലെത്തി. ആശുപത്രിയില്‍ നിന്നും കുഞ്ഞിന്‍റെ വിവരങ്ങള്‍ ചോദിച്ചതോടെ ദീപ കുട്ടിയെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

ഇതിനിടെ കുട്ടിയുടെ അമ്മ നിശാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണഗി നഗർ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ട്രാക്ക് ചെയ്യുകയും ദീപ സഞ്ചരിച്ച ഓട്ടോറിക്ഷകള്‍ കണ്ടെത്തുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാർ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ തിരുവെർക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ടെത്തുന്നത്. തിരുവെർക്കാട് സ്വദേശിനിയായ ദീപയാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

താൻ ഗർഭിണിയാണെന്ന് പറഞ്ഞ് ദീപ ഭർത്താവിനെ കബളിപ്പിച്ച്‌ വരികയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായത്. ദീപ നവജാതശിശുക്കളുടെ വിവരങ്ങള്‍ തേടി പല വീടുകളിലും കയറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ പതിലായി ആശുപത്രികളില്‍ സന്ദർശനം നടത്താറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.