അബ്കാരി കേസില്‍ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വര്‍ഷത്തിനു ശേഷം പിടിയില്‍

മാന്നാർ: 2002ല്‍ വ്യാജ ചാരായ വില്പന നടത്തിയ കേസില്‍ പ്രതിയായിരുന്ന 46കാരനെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു.മാന്നാർ കുട്ടംപേരൂർ ആനമുടിയില്‍ മനോജ് മോഹനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ വ്യാജ ചാരായ വില്‍പ്പന നടത്തിയതിന് 2002 ലാണ് മനോജ് മോഹനനെ പൊലീസ് പിടികൂടിയത്. അന്ന് റിമാൻഡിലായ പ്രതി കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. തുടർന്ന് കോടതി പ്രതിക്കെതിരെ ലോങ്ങ് പെന്റിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തിയത് അറിഞ്ഞ മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ അഭിരാം സി എസ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർ സാജിദ്, സിവില്‍ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘം വീട്ടിലെത്തിയാണ് മനോജിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.