പാലക്കാടൻ കോട്ട കാത്ത് രാഹുല്‍, കന്നിയങ്കത്തില്‍ പ്രിയങ്കയെ നെഞ്ചേറ്റി വയനാട്; ചേലക്കരയില്‍ പ്രദീപിന് മിന്നും ജയം

പാലക്കാട്/വയനാട്/തൃശൂര്‍: നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടൻ കോട്ട കാത്ത് യുഡിഎഫിന്‍റെ രാഹുല്‍ മാങ്കൂട്ടത്തിലിന് ഉജ്ജ്വല വിജയം.ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോർന്ന ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രണ്ടാമതെത്തി. പാലക്കാട് നഗരസഭയിലും യുഡിഎഫ് ഒന്നാമതെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ആധിപത്യം നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് മിന്നും വിജയം നേടി. യുആര്‍ പ്രദീപിന്‍റെ വിജയത്തിലൂടെ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്ന് തെളിഞ്ഞെന്ന് സിപിഎം നേതാക്കള്‍ പ്രതികരിച്ചു. ചേലക്കരയില്‍ ബിജെപിയുടെ വോട്ട് നില കൂടി. പിവി അൻവറിന്‍റെ സ്ഥാനാര്‍ത്ഥി സുധീര്‍ നാലായിരത്തോളം വോട്ടുകളാണ് ചേലക്കരയില്‍ നേടിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചു. നാലുലക്ഷത്തിലധികം വോട്ടുകളുമായാണ് കന്നിയങ്കത്തില്‍ പ്രിയങ്കയുടെ കൂറ്റൻ വിജയം. രണ്ട് ദിവസത്തിനകം മണ്ഡലത്തിലെത്തുമെന്നും വയനാട്ടിലെ വോട്ടര്‍മാരോട് നന്ദിയുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാട്ടിലെ ഇടത് വോട്ടുകളില്‍ കനത്ത ഇടിവുണ്ടായി. സത്യൻ മൊകേരിയുടെ വോട്ടുവിഹിതം 22 ശതമാനത്തില്‍ ഒതുങ്ങി. ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.

റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയരഥമേറി രാഹുല്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയം. 18840 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി നിയമസഭയിലേക്കെത്തും. വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ 58389 നേടിയപ്പോള്‍ രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് 39549 വോട്ടുകളാണ് നേടാനായത്. 37293 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് ലഭിച്ചത്.

ഷാഫി പറമ്ബില്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ട് നേടിയ രാഹുല്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെക്കാള്‍ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയില്‍ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ 10291 വോട്ട് ലീഡാണ് രാഹുലിനുള്ളത്. വമ്ബൻ വിജയം രാഹുല്‍ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു.

കന്നിയങ്കത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷവും മറികടന്ന് പ്രിയങ്ക

വയനാട് ലോക്സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ വിജയമുറപ്പിച്ചത്. വയനാട്ടില്‍ 2024ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. വോട്ടിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങിയതോടെ തന്നെ പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷം കടക്കുമെന്ന് വ്യക്തമായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മറികടന്നത്. 622338 വോട്ടുകള്‍ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എല്‍ഡിഎഫിന്‍റെ സത്യൻ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടിനായത്.

യുആര്‍ പ്രദീപിലൂടെ ചേലക്കര നിലനിര്‍ത്തി എല്‍ഡിഎഫ്

12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ യുആര്‍ പ്രദീപ് വിജയം ഉറപ്പിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചില്ല. 64,827 വോട്ടാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസിന് 52,626 വോട്ടുകള്‍ ലഭിച്ചു. ചേലക്കരയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണൻ 33609 വോട്ടുകള്‍ നേടിയിട്ടുണ്ട്. പി വി അൻവറിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ എൻ കെയ്ക്ക് 3920 വോട്ട് മാത്രമാണ് സ്വന്തമാക്കാനായത്.

ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എല്‍ഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ബാലകൃഷ്ണനിലൂടെ ബിജെപിക്ക് മണ്ഡലത്തില്‍ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 24,045 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാൻ കഴിഞ്ഞിരുന്നത്.

2016ല്‍ മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്താൻ കഴിഞ്ഞത് യു ആര്‍ പ്രദീപിനും നേട്ടമാണ്. 2016ല്‍ 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 2021ല്‍ കെ രാധാകൃഷ്ണൻ എത്തിയതോടെ ഭൂരിപക്ഷം 39,400 ആക്കി ഉയര്‍ത്താൻ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. ചേലക്കര വിജയിച്ചതോടെ ഭരണവിരുദ്ധ വികാരമില്ല എന്നുള്ള പ്രതികരണങ്ങളാണ് എല്‍ഡിഎഫ് നേതാക്കളില്‍ നിന്ന് വരുന്നത്.