നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്ബർ അനീഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാലുപേർ കൂടി പിടിയില്‍.ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കും. ഇതോടെ കേസില്‍ ആകെ അറസ്റ്റില്‍ ആയവരുടെ എണ്ണം 12 ആയി.
ഇന്നലെയാണ് പൊലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ആക്രമണം തലസ്ഥാനത്ത് നടന്നത്. സ്റ്റാമ്ബർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തില്‍ സി ഐ,എസ് ഐ ഉള്‍പ്പെടെയുള്ള പൊലീസുകാർക്കാണ് പരിക്കേറ്റത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉള്‍പ്പെടുത്തി ഇന്നലെ പാർട്ടി നടത്തിയിരുന്നു. പിറന്നാള്‍ പാർട്ടി പൊലീസ് നേരത്തെ വിലക്കിയിരുന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ സ്റ്റാമ്ബർ അനീഷ് ഉള്‍പ്പെടെ എട്ടു പേരെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.