റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ് ജുബൈല്‍ ഇൻഡസ്ട്രിയല്‍ ഏരിയയില്‍ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.ലെന്നി ഓടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ എതിർവശത്ത് ബസില്‍ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലെന്നി തല്‍ക്ഷണം മരിച്ചു. മാസാവസാനം ലഭിച്ച ശമ്ബളം നാട്ടിലേക്ക് അയച്ച് തിരിച്ചു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജുബൈലിലെ ഒരു കമ്ബനിയില്‍ നിർമാണ തൊഴിലാളിയായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയർ ജനസേവന വിഭാഗം കണ്‍വീനർ സലിം ആലപ്പുഴ അറിയിച്ചു.