ദില്ലി: എംയിസ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയില്‍ അട്ടിമറി.നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ആർഎംഎല്‍ ആശുപത്രി പിരിച്ചുവിട്ടു. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ദില്ലി എംയിസ് അടക്കം രാജ്യത്തെ വിവിധ എംയിസുകളിലേക്കുള്ള നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനാണ് നോർസെറ്റ് (NORSET) എന്ന കേന്ദ്രീകൃത പരീക്ഷ നടത്തിയിരുന്നത്. 2019 മുതല്‍ ഈ പരീക്ഷ വഴി ആർഎംഎല്‍ , സഫ്ദർജംഗ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴലുള്ള മറ്റു ആശുപത്രികളിലേക്കുമ നിയമനം നടത്തി തുടങ്ങി. എന്നാല്‍ 2022 ല്‍ നടന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആർഎംഎല്‍ ആശുപത്രിയില്‍ നടന്ന നിയമനത്തിലെ കള്ളക്കളി പുറത്ത് വന്നിരിക്കുന്നത്.
ആശുപത്രിയില്‍ നിയമിതരായ നാല് പേര്‍ക്ക് തൊഴില്‍ സംബന്ധമായ യാതൊരു അറിവും ഇല്ലെന്ന് ബോധ്യമായതോടെ ആശുപത്രി അധികൃതര്‍ തന്നെ തുടര്‍ പരിശോധനകള്‍ നടത്തുകയായിരുന്നു. ഇതില്‍ ആശുപത്രിയില്‍ നിയമിതരായവരല്ല പരീക്ഷയെഴുതിയതെന്ന് തെളിഞ്ഞു. ഇതോടെ നാല് പേരെയും പുറത്താക്കി. സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തോയന്നതടക്കം ചോദ്യങ്ങളോട് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പരീക്ഷ അട്ടിമറിയില്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.
രണ്ടായിരം പേരുടെ റാങ്ക് ലിസ്റ്റാണ് നോർസെറ്റ് വഴി പ്രസിദ്ധീകരിച്ചത്. ഇതില്‍ ഇരൂന്നൂറിലേറെ പേർ ആർഎംഎല്ലില്‍ ഇതിനോടകം നിയമനം നേടി. പല ആശുപത്രികളിലും നിയമന സമയത്ത് ബയോമെട്രിക്ക് പരിശോധന ഇല്ലാത്തതിനാല്‍ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനായിട്ടില്ല. 2023 ല്‍ നോർസെറ്റ് പരീക്ഷയുടെ ചോദ്യപ്പേർ ചോർന്നതും വിവാദമായിരുന്നു. ദില്ലി എംയിസിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. എംയിസിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി കിട്ടിയിട്ടില്ല.