‘വഴി കണ്ടെത്തും…’ തരൂരിന് ലോക്സഭയില്‍ വാഗ്ദാനം നല്‍കി നിതിൻ ഗഡ്കരി; ‘വിഴിഞ്ഞത്തെ റോഡിന് 10 ദിവസത്തില്‍ പരിഹാരം’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയപാത 66മായി ബന്ധിപ്പിക്കാനുള്ള റോഡ് നിർമാണം സംബന്ധിച്ച്‌ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് 10 ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തുമെന്ന് ഡോ.ശശി തരൂർ എംപി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയില്‍ ഇക്കാര്യം ഉറപ്പുനല്‍കിയതായി തരൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌ ഡോ. ശശി തരൂർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അടുത്ത മാസം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതിനാല്‍ വിഴിഞ്ഞം തുറമുഖം അടിയന്തിരമായി ദേശീയപാത 66 മായി ബന്ധിപ്പിക്കുവാൻ റോഡ് നിർമിക്കണം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കണ്ടെയ്നറുകളുടെ നീക്കത്തിനായി റോഡ് റെയില്‍ ബന്ധങ്ങള്‍ ഇല്ലെങ്കില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം പൂർണമായി ലഭിക്കില്ല അതിനാല്‍ എത്രയും പെട്ടന്ന് കണക്ഷൻ റോഡ് നിർമിക്കണം എന്ന് ലോക്‌സഭയില്‍ ഉന്നയിച്ചു.

ഈ ചോദ്യത്തിന് മറുപടിയായി വിഷയത്തില്‍ തരൂരുമായി പൂർണമായും യോജിക്കുന്നുവെന്നും റോഡ് നിർമാണത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുമായി ദീർഘമായ ചർച്ച ഉണ്ടായെന്നും പത്ത് ദിവസങ്ങള്‍ക്കകം പരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു. തുറമുഖം സംബന്ധിച്ച സുപ്രധാന പ്രശ്നത്തില്‍ അനുകൂലനയം കൈക്കൊണ്ട കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും വിഴിഞ്ഞത്തെ റെയില്‍, റോഡു പാതകളാല്‍ ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങളുടെ പുരോഗതി വിലയിരുത്തി വേണ്ട ഇടപെടല്‍ തുടർന്നും നടത്തുമെന്ന് ഡോ. ശശി തരൂർ എംപി അറിയിച്ചു.