അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയില്‍ ഇരുട്ടില്‍ ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടില്ല; മരത്തിലടിച്ച്‌ കൊലപ്പെടുത്തി

കൊച്ചി: മൂന്നു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ രണ്ടു ജീവൻ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം.കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ ആണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചത്. കോതമംഗലം കുട്ടമ്ബുഴ ഉരുളന്‍തണ്ണി എല്‍ദോസ് വർഗീസ് ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു നേര്യമംഗലം ചെമ്ബൻകുഴിയില്‍ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്.

എല്‍ദോസിനെ ആന മരത്തില്‍ അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടിരുന്നില്ല. കോതമംഗലത്ത് അരങ്ങേറിയ ജനകീയ പ്രതിഷേധം പുലർച്ചെ രണ്ടുമണിയ്ക്കാണ് അവസാനിച്ചത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ ഉറപ്പ് നല്‍കുകയായിരുന്നു ജില്ലാ കളക്ടർ. പ്രതിഷേധം തുടങ്ങി ഏഴ് മണിക്കൂർ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിലടക്കം നാട്ടുകാർക്ക് ജില്ലാ കളക്ടർ ഉറപ്പ് നല്‍കിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാർ അവസാനിപ്പിച്ചത്.

നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം ട്രഞ്ചുകളുടെ നിർമാണം ഇന്ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് മുതല്‍ തന്നെ ആരംഭിക്കും. സോളാർ ഫെൻസിങ്ങിന്റെ ജോലികള്‍ 21ന് ആരംഭിക്കും. തൂക്ക് സോളാർ വേലി സ്ഥാപിക്കും. ഉറപ്പുനല്‍കിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടർ പ്രതിഷേധിച്ച നാട്ടുകാർക്ക് മുന്നിലെത്തി ഉറപ്പുനല്‍കി.

തുടർന്ന് മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം, കോതമംഗലത്ത് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധ റാലിയില്‍ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്. നേരത്തെ സംഭവ സ്ഥലത്തേക്ക് എത്തി കളക്ടർക്കും എംഎല്‍എക്കും നേരെ നാട്ടുകാർ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു. നീണ്ട നേരത്തെ ചർച്ചയ്ക്കൊടുവിലാണ് സമവായത്തിലെതത്തിയത്.

അതേസമയം, സംഭവത്തില്‍ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കോതമംഗലം എംഎല്‍എ മാത്യു കുഴല്‍നാടൻ രംഗത്ത് വന്നു. കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് കോതമംഗലം എംഎല്‍എ മാത്യു കുഴല്‍നാടൻ രംഗത്ത് വന്നത്. ഈ വിഷയങ്ങള്‍ സംസ്ഥാന സർക്കാരിന് മുന്നില്‍ പലപ്പോഴായി പറഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഫെൻസിങ് പൂർത്തിയാക്കുകയോ ആർആർടിയെ അയക്കുകയോ ചെയ്തില്ല.

സർക്കാരിൻ്റെയും വനം വകുപ്പിൻ്റെയും വൻ പരാജയമാണിത്. അലസതയും അലംഭാവവുമാണ് വീണ്ടും മരണമുണ്ടാകാൻ കാരണം. ഉത്തരവാദിത്തപ്പെട്ടവർ വന്ന് ഉറപ്പ് നല്‍കാതെ മൃതദേഹം ഇവിടെ നിന്ന് എടുത്ത് മാറ്റാൻ സമ്മതിക്കില്ല. കോതമംഗലത്തും കുട്ടമ്ബുഴയിലും നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത എംഎല്‍എ, നാളെ വൈകിട്ട് കോതമംഗലത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കുട്ടമ്ബുഴയില്‍ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് സോളാർ ഫെൻസിംഗിന് കാലതാമസമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും പറ‍ഞ്ഞു. വേദനാജനകമായ സംഭവമാണിത്. ജനത്തെ ഭീതിയിലാക്കുന്നതാണ് സംഭവമെന്നും മന്ത്രി പറ‍ഞ്ഞിരുന്നു.