വിമാനമിറങ്ങി പരുങ്ങിനിന്നു, പരിശോധനയില്‍ അടിവസ്ത്രത്തിന് 1 കിലോ ഭാരം; പൗച്ചില്‍ തേച്ചുപിടിപ്പിച്ച സ്വര്‍ണം പിടികൂടി

ദില്ലി: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച സ്വർണ്ണം വിമാനത്താവളത്തില്‍ വച്ച്‌ പിടികൂടി. റിയാദില്‍ നിന്ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരെയാണ് പിടികൂടിയത്.ഇരുവരുടെയും അടിവസ്ത്രത്തിന് ഒരു കിലോയിലേറെ ഭാരമുണ്ടായിരുന്നു. തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്.

എക്സ് വൈ-329 വിമാനത്തിലാണ് യാത്രക്കാർ എത്തിയത്. വിമാനത്താവളത്തില്‍ എത്തിയ ശേഷം അവർ ബാഗേജ് കിട്ടിക്കഴിഞ്ഞ് ടെർമിനലിന്‍റെ ഒരു മൂലയിലേക്ക് നീങ്ങി. എന്നിട്ട് ടെർമിനലില്‍ നിന്നും പുറത്തേക്കുള്ള കവാടത്തിലെ പ്രവർത്തനങ്ങള്‍ ഏറെ നേരം നിരീക്ഷിച്ചു. എന്നിട്ട് കസ്റ്റംസ് ഗ്രീൻ ചാനല്‍ വഴി ടെർമിനലില്‍ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചു. അതേസമയം തങ്ങള്‍ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ നിരീക്ഷണത്തിലാണെന്ന കാര്യം ഇരുവരും അറിഞ്ഞില്ല.

കസ്റ്റംസ് ഗ്രീൻ ചാനല്‍ കടന്നയുടൻ രണ്ട് യാത്രക്കാരെയും എയർ ഇന്‍റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടി. ഇരുവരുടെയും ലഗേജുകളില്‍ എക്‌സ്-റേ പരിശോധന നടത്തി. എഐയു റൂമിലേക്ക് കൊണ്ടുപോയി ഇരുവരെയും പരിശോധിക്കുന്നതിനിടെയാണ് അടിവസ്ത്രത്തിന് ഒരു കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ളതായി കണ്ടെത്തിയയത്.

അടിവസ്ത്രം പരിശോധിച്ചപ്പോള്‍ രഹസ്യ പോക്കറ്റുകള്‍ കണ്ടെത്തിയതായി എയർപോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ വിപണിയില്‍ ഏകദേശം 68.93 ലക്ഷം രൂപ വിലമതിക്കുന്ന 931.37 ഗ്രാം സ്വർണ്ണം തേച്ചുപിടിപ്പിച്ച മൂന്ന് പൗച്ചുകളാണ് പോക്കറ്റില്‍ ഒളിപ്പിച്ചിരുന്നത്. രണ്ട് യാത്രക്കാരെയും അറസ്റ്റ് ചെയ്തെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.