പാലക്കാട്: സ്കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്‌പി പ്രവ൪ത്തക൪ റിമാൻ്റില്‍.വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനില്‍കുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവ൪ സംഘം അധ്യാപകരുടെയും വിദ്യാ൪ത്ഥികളുടെയം വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയായിരുന്നു. തുട൪ന്ന് വിദ്യാ൪ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു. സ്കൂള്‍ അധികൃത൪ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.